ചെങ്ങന്നൂര്‍: വിശ്വഹിന്ദുപരിഷത്തിന്റെ അറുപതാം വാര്‍ഷികം പ്രമാണിച്ച് വിപുലമായ സൗകര്യങ്ങളോടെ ചെങ്ങന്നൂരില്‍ അയ്യപ്പ സേവാ കേന്ദ്രം തുറക്കുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടുപടിഞ്ഞാറുഭാഗത്തായി സംഘടന വാങ്ങിയ 40 സെന്റ് സ്ഥലത്താണ് അയ്യപ്പ സേവാ കേന്ദ്രത്തിന്റെ പണിപൂര്‍ത്തിയാകുന്നത്. പന്ത്രണ്ട് വിളക്കിനോട് അനുബന്ധിച്ച് തുറന്നുകൊടുക്കാനാണ് തീരുമാനം.
5000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരേസമയം 500 അയ്യപ്പന്മാര്‍ക്ക് വിരിവയ്‌ക്കാനും പ്രതിദിനം 5000 പേര്‍ക്ക് അന്നദാനം നടത്താനും സൗകര്യമുണ്ട്. ഇത് കൂടാതെ വിവിധ ഭാഷാ സഹായ കൗണ്ടര്‍, അയ്യപ്പ സ്വാമിമാര്‍ക്കും മാളികപ്പുറങ്ങള്‍ക്കുമായി ടോയ്‌ലറ്റ് ബ്ലോക്കുകള്‍, വൈദ്യസഹായം, ആംബുലന്‍സ് സൗകര്യം, അയ്യപ്പന്മാര്‍ക്ക് ആവശ്യമായ വാഹന സൗകര്യം ഒരുക്കല്‍, ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം, ക്ലോക്ക് റൂം എന്നിവയും ഈ സേവന കേന്ദ്രത്തില്‍ ലഭ്യമാകും.
ശബരിമലയുടെ പ്രവേശന കവാടമായ ചെങ്ങന്നൂരില്‍ മണ്ഡലകാലത്ത് അയ്യപ്പന്മാര്‍ അനുഭവിക്കുന്ന സമാനതകളില്ലാത്ത ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരം കണ്ടെത്തുകയാണ് ഈ സേവാ കേന്ദ്രത്തില്‍ കൂടി ഉദ്ദേശിക്കുന്നതെന്ന് സേവാ കേന്ദ്രം സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ അഡ്വ. അനില്‍ വിളയില്‍ അറിയിച്ചു.
മണ്ഡലകാലത്തും മാസപൂജാ വേളകളിലും അയ്യപ്പന്മാര്‍ക്ക് ഇവിടെ സൗകര്യങ്ങള്‍ ലഭ്യമാകും. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ജോയിന്റ് സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍, അബിനു സുരേഷ്, ട്രഷറര്‍ ശ്രീകുമാര്‍ വയലില്‍, സഹ സേവാ പ്രമുഖ് വി. അനില്‍കുമാര്‍, സേവാകേന്ദ്രം മാനേജര്‍ ടി.എ. തമ്പി എന്നിവരുടെ നേതൃത്വത്തിലാണ് സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്.
സേവാകേന്ദ്രം കാര്യാലയത്തിന്റെ ഉദ്ഘാടനം ഇന്നലെ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍ നിര്‍വഹിച്ചു.
ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി, വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.അനില്‍വിളയില്‍, വിഭാഗ് ജോയിന്റ് സെക്രട്ടറി ജയകൃഷ്ണന്‍, ഹിന്ദുഐക്യവേദി സംഘടനാ സെക്രട്ടറി സി. ബാബു, ജില്ലാ സംഘടനാ സെക്രട്ടറി ജി. ബിജു, വൈസ്പ്രസിഡന്റ് ജ്യോതിരാജ്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക