Kerala

ശബരിമലയില്‍ ഇക്കുറി തിരക്ക് അധികം;ശബരിമലയില്‍ ഓരോ മണിക്കൂറും എത്തുന്നത് മൂവായിരം ഭക്തര്‍ ;ഇതുവരെ എത്തിയ അയ്യപ്പഭക്തര്‍ 83,429 പേര്‍

Published by

പത്തനംതിട്ട: ഇക്കുറി മണ്ഡലം-മകരവിളക്ക് ദര്‍ശനത്തിനുള്ള അയ്യപ്പഭക്തരുടെ തിരക്ക് അധികമാണെന്നതിന് ദേവസ്വം പുറത്തുവിടുന്ന കണക്ക് സാക്ഷ്യം. ശബരിമലയില്‍ ഓരോ മണിക്കൂറിലും ഏകദേശം മൂവായിരത്തോളം ഭക്തര്‍ എത്തുന്നുവെന്നാണ് കണക്ക്. അയ്യപ്പദര്‍ശനമാരംഭിച്ച് ഇതുവരെ 83,429 പേര്‍ മലകയറി.

നവമ്പര്‍ 15 മുതല്‍ ശനിയാഴ്ച വരെയുള്ള കണക്കാണിത്. നവമ്പര്‍ 15ന് ദര്‍ശനം തുടങ്ങി രാത്രി 12 വരെയുള്ള കണക്ക് പ്രകാരം 28,814 പേര്‍ ദര്‍ശനത്തിന് എത്തി. വെള്ളിയാഴ്ച രാത്രി 12 മുതല്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിവരെ എത്തിയത് 54,615 പേരാണ്.

വെര്‍ച്വല്‍ ക്യൂ വഴി 39,038 പേര്‍ എത്തിയെങ്കില്‍ സ്പോട്ട് ബുക്കിങ്ങിലൂടെ 4,535 പേര്‍ എത്തി. ബുക്ക് ചെയ്ത ദിസങ്ങളില്‍ അല്ലാതെ എത്തിയവര്‍ 11,042 പേര്‍.

മേല്‍ശാന്തി അരുണ്‍ നമ്പൂതിരി നട തുറന്നു.

പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് രാവിലെ നടന്നു. തന്ത്രി കണ്ഠര് രാജീവരുടെകാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ശാന്തി അരുണ്‍ നമ്പൂതിരി ഇന്ന് പുലര്‍ച്ചെ മുന്നു മണിയോടെ നട തുറന്നു.

സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാവിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം നടത്തി. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ ബാച്ച് ഭക്തര്‍ ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിക്ക് തീര്‍ഥാടനം ആരംഭിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക