കോള്‍ ഇന്ത്യ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനികളാവാം: 640 ഒഴിവുകള്‍
അവസരം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍
മൈനിങ്, സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിസ്റ്റം, ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍
ഡിസിപ്ലിനുകളില്‍ ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം
സെലക്ഷന്‍ ഗേറ്റ്-2024 സ്‌കോര്‍ അടിസ്ഥാനത്തില്‍
നവംബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് (മഹാരത്‌ന കമ്പനി) ഉൗര്‍ജസ്വലരായ യുവ എന്‍ജിനീയറിങ് ബിരുദക്കാരെ മാനേജ്‌മെന്റ് ട്രെയിനികളായി (ഇ-2 ഗ്രേഡ്) തെരഞ്ഞെടുക്കുന്നു. ‘ഗേറ്റ്-2024’ സ്‌കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. വിവിധ ഡിസിപ്ലിനുകളിലായി 640 ഒഴിവുകളുണ്ട്. (മൈനിങ് 263, സിവില്‍ 91, ഇലക്ട്രിക്കല്‍ 102, മെക്കാനിക്കല്‍ 104, സിസ്റ്റം 41, ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ 39). വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.coalindia.in/career- ല്‍ ലഭിക്കും. (പരസ്യ നമ്പര്‍ 04/2024). ഓണ്‍ലൈനായി നവംബര്‍ 28 വൈകിട്ട് 6 മണിവരെ അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബിഇ/ബിടെക് ബിരുദം. സിസ്റ്റം ഡിസിപ്ലിനിലേക്ക് ഫസ്റ്റ്ക്ലാസ് ബിരുദവും എംസിഎയും ഉള്ളവരെയും പരിഗണിക്കും. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക്/തത്തുല്യ സിജിപിഎ മതിയാകും. അവസാനവര്‍ഷ/സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഗേറ്റ്-2024 പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ ഉള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 30 വയസ്. നിയമാനുസൃത നയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/കോള്‍ ഇന്ത്യ ജീവനക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം.
സെലക്ഷന്‍: ഗേറ്റ്-2024 സ്‌കോര്‍ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി, സര്‍ട്ടിഫിക്കറ്റ്, വൈദ്യപരിശോധനകള്‍ നടത്തിയാണ് തെരഞ്ഞെടുപ്പ്. യോഗ്യതാപരീക്ഷയുടെ മാര്‍ക്കും പരിഗണിക്കപ്പെടും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.
എസ്‌സി/എസ്ടി/ഒബിസി നോണ്‍ ക്രീമിലെയര്‍/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ്/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ്.
മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കപ്പെടുന്നവരെ 50000-1,60,000 രൂപ ശമ്പള നിരക്കില്‍ നിയമിക്കും. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാകുന്നമുറയ്‌ക്ക് ഇ-3 ഗ്രേഡില്‍ 60,000-1,80,000 രൂപ ശമ്പള നിരക്കില്‍ എന്‍ജിനീയറായി നിയമിക്കുന്നതാണ്. നിലവിലുള്ള ആനുകൂല്യങ്ങളും ലഭിക്കും.
ജിപ്‌മെറില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍
നവംബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം ഒഴിവുകള്‍ പുതുച്ചേരിയിലും കാരയ്‌ക്കലിലും; സ്ഥിരം നിയമനം
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.jipmer.edu.in ല്‍
കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ പ്രാധാന്യമുള്ള പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്‌മെര്‍) വിവിധ സ്‌പെഷ്യാലിറ്റി/സൂപ്പര്‍ സ്‌പെഷ്യാലിറ്റികളില്‍ പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ സ്ഥിരം നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പുതുച്ചേരിയിലും കാരയ്‌ക്കലിലുമായി ആകെ 80 ഒഴിവുകളുണ്ട്.
ജിപ്‌മെര്‍ പുതുച്ചേരിയില്‍ പ്രൊഫസര്‍ തസ്തികയില്‍ 26 ഒഴിവുകളും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 35 ഒഴിവുകളുമാണുള്ളത്. അനസ്‌തേഷ്യോളജി, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസസ്, ഗ്യാസ്‌ട്രോ എന്ററോളജി, മെഡിസിന്‍, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി, ഓര്‍ത്തോപേഡിക്‌സ്, യൂറോളജി അടക്കം നിരവധി സ്‌പെഷ്യാലിറ്റികളിലായാണ് അവസരം.
സംവരണേതിര ഒഴിവുകളും ഒബിസി, എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് സംവരണ ഒഴിവുകളും ഇതില്‍ ഉള്‍പ്പെടും.
ജിപ്‌മെര്‍ കാരയ്‌ക്കലില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ 17 ഒഴിവുകളും പ്രൊഫസര്‍ തസ്തികയില്‍ 2 ഒഴിവുകളുമാണുള്ളത്. പ്രൊഫസര്‍ തസ്തികയില്‍ മെഡിസിന്‍, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി സ്‌പെഷ്യാലിറ്റിയിലായി ജനറല്‍ വിഭാഗത്തില്‍ ഓരോ ഒഴിവുകള്‍ ലഭ്യമാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അനസ്‌തേഷ്യോളജി, എമര്‍ജന്‍സി മെഡിക്കല്‍ സര്‍വ്വീസസ്, മെഡിസിന്‍, ഒബ്‌സ്‌റ്റെ്രടിക്‌സ് ആന്റ് ഗൈനക്കോളജി, ഓര്‍ത്തോപേഡിക്‌സ്, പീഡിയാട്രിക്‌സ്, ഫിസിയോളജി, സൈക്ക്യാട്രി, പള്‍മണറി മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ്,സര്‍ജറി സ്‌പെഷ്യാലിറ്റികളിലായിട്ടാണ് അവസരം. സംവരണ ഒഴിവുകളും സംവരണേതിര ഒഴിവുകളും ഇതില്‍പ്പെടും.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളുമടക്കം വിശദമായ ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റ് വിജ്ഞാപനം (നമ്പര്‍ JIP/Admn.4 (FW)/1 (14) Rectt.2024)- www.jipmer.edu.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി നവംബര്‍ 21 വൈകിട്ട് 4.30 മണിവരെ അപേക്ഷിക്കാവുന്നതാണ്. ഇതിനുപുറമെ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ബന്ധപ്പെട്ട രേഖകള്‍ സഹിതം തപാലില്‍ നവംബര്‍ 27 നകം ലഭിക്കത്തക്കവണ്ണം അയക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
റിസർച്ച് ഫെലോ ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ അനുസൻദാൻ നാഷണൽ റിസർച്ച് ഫെല്ലോഷിപ്പ് സ്പോൺസർ ചെയ്യുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ ഒഴിവുണ്ട്. 3 വർഷത്തേക്കാണ് നിയമനം. നവംബർ 25 ന് മുൻപായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് : https://www.cet.ac.in, [email protected],
രജിസ്ട്രേഷൻ ആരംഭിച്ചു
ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 8, 9, 10 തീയതികളിലായി കനകക്കുന്നിൽ നടക്കുന്ന ICGAIFE 2.0 അന്താരാഷ്‌ട്ര കോൺക്ലേവിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. എഐ കോൺക്ലേവിലേക്കും വിവിധ സെഷനുകളായ എഐ ഹാക്കത്തോൺ, എഐ കോൺഫറൻസ് എന്നിവയിലേക്കും https://icgaife2.ihrd.ac.in/index.php/registration ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താം.
അംഗത്വ രജിസ്ട്രേഷനും ആനുകൂല്യ വിതരണവും
കേരള ഷോപ്സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ നവംബർ 22ന് നഗരസഭ ഓപ്പൺ ആഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ 3 മണി വരെ അംഗത്വ രജിസ്ട്രേഷൻ ക്യാമ്പ് നടക്കും. അന്നേ ദിവസം വൈകുന്നേരം 4 മണിയ്‌ക്ക് സത്യൻ സ്മാരക ഹാളിൽ വച്ച് അംഗങ്ങളുടെ ആനുകൂല്യ വിതരണം, വിദ്യാഭ്യാസ ആനുകുല്യം, ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് എന്നിവ മേയർ ആര്യാ രാജേന്ദ്രൻ വിതരണം ചെയ്യുമെന്ന് കേരള ഷോപ്സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ പത്രക്കുറിപ്പിൽ അറിയിച്ചു.
വാക് ഇൻ ഇന്റർവ്യൂ
സ്നേഹധാർ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ തെറാപ്പിസ്റ്റ്, തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10.30 നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: [email protected]
ഐസിഫോസും സിഎസ്ടിടിയും ധാരണാപത്രം ഒപ്പുവച്ചു
അന്താരാഷ്‌ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസനകേന്ദ്രവും (ഐസിഫോസ്), കേന്ദ്ര സ്ഥാപന കമ്മീഷൻ ഫോർ സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ ടെർമിനോളജിയും (സിഎസ്ടിടി) മായി നവംബർ 18-ന് ധാരാണാപത്രം ഒപ്പുവെച്ചു. പൊതുസമൂഹത്തിനും ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന മലയാളഭാഷാ സംവിധാനങ്ങളുടെ നിർമാണം, സാങ്കേതികക്ഷമത വർദ്ധിപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടിയുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ധാരണാപത്രം.
സിഎസ്ടിടി ചെയർമാൻ പ്രൊഫ. ഗിരീഷ് നാഥ് ജാ, ഐ.സി.ഫോസ് ഡയറക്ടർ ഡോ.സുനിൽ ടി.ടി, സി.എസ്.ടി.ടി.യുടെ കൊളാബറേഷൻ യൂണിറ്റ് അംഗം മേഴ്‌സി, ഡോ. രാജീവ് ആർ. ആർ എന്നിവർ സംബന്ധിച്ചു.
ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്ക് ശബ്ദ് പോർട്ടൽ (https://shabd.education.gov.in) കൂടുതൽ പ്രാപ്യമാക്കുക, നിഘണ്ടുക്കൾ, വിവർത്തനം ചെയ്യുന്നതിനുള്ള മലയാളം പരിവർത്തന ഉപകരണങ്ങൾ വികസിപ്പിക്കുക, മലയാളത്തിലുള്ള ഒസിആറിന്റെ പ്രവർവർത്തനക്ഷമത വർദ്ധിപ്പിക്കുക, മീറ്റിംഗുകൾക്കും പ്രോഗ്രാമുകൾക്കും ആതിഥേയത്വം വഹിക്കാൻ ഐസിഫോസിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നിവയാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്. കൂടാതെ, ശാസ്ത്രീയവും സാങ്കേതികവുമായ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിന് സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കാനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.
എൻജിനിയറിംഗ് പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്പ്
എൻജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത നൈപുണ്യം നല്‍കുന്നതിന് സാങ്കേതിക സർവകലാശാല ബി ടെക്ക് കരിക്കുലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്റേണ്‍ഷിപ്പിനായി കെ ഡിസ്ക് അവസരമൊരുക്കുന്നു. വിവിധ തദ്ദേശസ്ഥാപനങ്ങളുമായും പ്രമുഖ സ്വകാര്യ കമ്പനികളുമായും സഹകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനുള്ള ഈ അവസരം കെ-ഡിസ്ക് ഒരുക്കുന്നത്. സാങ്കേതിക സർവകലാശാലയുമായി ഒപ്പു വച്ച ധാരണാപത്രത്തിൽ വിദ്യാർത്ഥികൾക്കുള്ള ഇന്റേൺഷിപ്പുകൾ കെ ഡിസ്കിന്റെ സംരഭമായ ഡി ഡബ്യു എം സ് പോർട്ടൽ വഴി നൽകുമെന്ന് വിഭാവനം ചെയ്തതിരുന്നു.
എട്ടാം സെമെസ്റ്ററിൽ 4 മുതൽ 6 മാസത്തെ ഇൻ്റേൺഷിപ്പ് ബി ടെക് പാഠ്യപദ്ധതിയിൽ നിഷ്ക്കര്ഷിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാം.
കേരള നോളജ് ഇക്കണോമി മിഷൻ രൂപകല്പന ചെയ്ത ടെക്നോളജി പ്ലാറ്റ്ഫോമായ ‘ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം’ (DWMS) ലൂടെയാണ് എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക. എഞ്ചിനിയറിംഗ് കൂടാതെ വിവിധ മേഖലകളിൽ തൊഴിൽ തേടുന്നവരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കാനും ഈ പ്ലാറ്റ്‌ഫോo സഹായകമാകും.
സാങ്കേതിക വൈദഗ്ധ്യത്തിന് പ്രാധാന്യം കൊടുത്തുള്ള വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതിന് സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് അക്കാഡമിക് ആൻഡ് റിസർച് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ ഡോ.വിനോദ് കുമാർ ജേക്കബ് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് മികച്ച തൊഴിലിടങ്ങളിൽ എത്തിച്ചേരാൻ ആവശ്യമായ പരിശീലനവും നൈപുണ്യ വികസനവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭമെന്നു കെ ഡിസ്ക് മെമ്പർ സെക്രട്ടറി പി വി ഉണ്ണികൃഷ്ണൻ പറഞ്ഞു.എൻജിനിയറിംഗ് മേഖലയിലെ മികച്ച പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിൽ വ്യവസായങ്ങളെ സഹായിക്കുന്നതോടൊപ്പം സമസ്ത മേഖലയിലുമുള്ള തൊഴിലന്വേഷകരെ വൈദഗ്ധ്യം, തൊഴിലവസരങ്ങൾ, പ്രായോഗിക പരിചയം എന്നിവ ഉപയോഗിച്ച് ശാക്തീകരിക്കാനും ഈ ഇൻേറൺഷിപ് വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി ഡബ്ലു എം എസ് എന്ന ലിങ്കിൽ കയറി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ത്രിവത്സര എൽ.എൽ.ബി
സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വാശ്രയ ലോ കോളേജുകളിലെ ത്രിവത്സര എൽ.എൽ.ബി. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള അന്തിമ അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സെറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ നവംബർ 20ന് വൈകിട്ട് മൂന്ന് മണിക്കുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
2024-25 അധ്യയന വർഷത്തെ ആയുർവേദം (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യുനാനി (ബി.യു.എം.എസ്) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നവംബർ 18ന് രാവിലെ 11 മണിവരെ ലഭ്യമാണ്. എൻ.സി.ഐ.എസ്.എം/ എൻ.സി.എച്ച് വിജ്ഞാപനങ്ങൾ പ്രകാരം യോഗ്യത മാനദണ്ഡത്തിൽ പതിനഞ്ച് ശതമാനം ഇളവ് വരുത്തിയിരിക്കുന്നതിനാൽ, പുതുതായി യോഗ്യത നേടിയ വിദ്യാർഥികൾക്കും ഈ അവസരത്തിൽ അപേക്ഷ നൽകാവുന്നതാണ്. ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കാണ് പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്. കീം 2024 പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ആദ്യഘട്ടങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളതല്ല. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in . ഹെൽപ് ലൈൻ നമ്പർ : 0471 2525300.
സ്‌ട്രേ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു
2024-ലെ പി.ജി ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്സിലേയ്‌ക്കുള്ള രണ്ടാം ഘട്ട സ്‌ട്രേ ഒഴിവുകളിലെ അലോട്ട്മെന്റിനായി അപേക്ഷകൾ ക്ഷണിച്ചു. സ്‌ട്രേ ഒഴിവുകളിലേക്കുള്ള അലോട്ട്‌മെന്റിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന, എന്നാൽ ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾ നിർബന്ധമായും നവംബർ 19ന് വൈകിട്ട് നാല് മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്‌ക്ക് www.cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തിൽ പി.ജി.ആയുർവേദ കോഴ്സുകളിലേയ്‌ക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ ഉൾപ്പെടെ അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ തുടർന്നുള്ള സ്റ്റേറ്റ് അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
ആർസിസിയിൽ കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫിസിഷ്യൻ/ ഇന്റൻസിവിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 27 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പി.ജി.ഹോമിയോ : അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തിൽ പി.ജി. ഹോമിയോ കോഴ്സുകളുടെ ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിൽ ഉൾപ്പെടെ അഖിലേന്ത്യാ ക്വാട്ട കൗൺസിലിംഗിൽ പങ്കെടുത്തിട്ടുള്ളവരുടെ അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ തുടർന്നുള്ള സ്റ്റേറ്റ് അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471-2525300.
പി.ജി. ഹോമിയോപ്പതി : അപേക്ഷ ക്ഷണിച്ചു
2024-ലെ പി.ജി. ഹോമിയോപ്പതി കോഴ്സിലേയ്‌ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്മെന്റിനായി അപേക്ഷ ക്ഷണിച്ചു. രജിസ്റ്റർ ചെയ്തവരും പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും നവംബർ 19 വൈകുന്നേരം 4 മണിക്ക് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. നാഷണൽ ഹോമിയോ കമ്മീഷന്റെ നവംബർ 11 ലെ നിർദ്ദേശ പ്രകാരം എല്ലാ കാറ്റഗറികൾക്കും നിലവിൽ ഉള്ളതിൽ നിന്നും പതിനഞ്ച് ശതമാനം കുറവു വരുത്തിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471-2525300.
കെക്സ്‌കോണിൽ നിയമനം
കെക്സ്‌കോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംകോമും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ടാലി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ പ്രാവീണ്യം അഭിലഷണീയം. കെക്സ്‌കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 50 വയസ് കഴിയാത്ത വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം [email protected] ഇമെയിലിൽ നവംബർ 27 വൈകുന്നേരം 4 മണിക്കു മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2320771.
രേഖകൾ ഹാജരാക്കണം
തിരുവനന്തപുരം കർഷക തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരിൽ 2018 മാർച്ച് വരെ അപേക്ഷ നൽകിയിട്ട് ആദ്യഗഡു ലഭിയ്‌ക്കാത്തവർ ആനുകൂല്യം ലഭിക്കുന്നതിന് രേഖകൾ സമർപ്പിക്കണം. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, സാക്ഷ്യപത്രം എന്നിവയുടെ പകർപ്പും രേഖകളിൽ പേര്, മേൽവിലാസം എന്നിവയിൽ വ്യത്യാസം ഉണ്ടെങ്കിൽ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റും ഫോൺ നമ്പറും അടിയന്തരമായി തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ എത്തിക്കണം. ഫോൺ: 0471 2729175.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓങ്കോളജി, കമ്മ്യൂണിറ്റി ഓങ്കോളജി ആൻഡ് റേഡിയോ ഡയഗ്നോസിസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 27 ന് 3 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ഡ്രൈവർ കം ക്ലീനർ ഒഴിവ്
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ബാഡ്ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം. താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 20 ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.
എക്സ്റേ സ്ക്രീനർ
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിലെ എക്സ്റേ സ്ക്രീനർ തസ്തികയിലേക്കുള്ള 17 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക.
പഞ്ചവത്സര എൽ.എൽ.ബി.: അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഗവൺമെന്റ് ലോ കോളേജിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്‌ക്ക് പ്രവേശനത്തിനുള്ള അന്തിമ വേക്കന്റ് സീറ്റ് അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. വിശദവിവരങ്ങൾക്ക് :www.cee.kerala.gov.in, ഫോൺ: 0471 2525300
പിജി ആയുർവേദം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിൽ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ അന്തിമ മെരിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300.
അഡ്മിഷൻ ആരംഭിച്ചു
ചാക്ക ഗവ:ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിന്റെ അടുത്ത ബാച്ചിലേയ്‌ക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ടിത പ്ലേസ്‌മെന്റ് സപ്പോർട്ടോടുകൂടിയ കോഴ്സിൽ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ : 9074303488.
ഡി.എൽ.എഡ്: പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
നവംബർ 20 മുതൽ 26 വരെ കൊല്ലം ഗവൺമെന്റ മോഡൽ ഹൈസ്‌കൂളിൽ നടത്താനിരുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾ സ്‌കൂളിൽ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ ഗവൺമെന്റ് എച്ച്.എസ്.എസ് അഞ്ചാലുംമൂട് സ്‌കൂളിലേയ്‌ക്ക് മാറ്റി. ടൈംടേബിളിൽ മാറ്റമില്ല.
സ്റ്റേറ്റ് ലബോറട്ടറിയിൽ കരാർ നിയമനം
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി, മൈക്രോ ബയോളജി വിഭാഗങ്ങളിൽ അനലിസ്റ്റുമാരുടെ കരാർ ഒഴിവുണ്ട്. എം.ടെക് (ഡയറി കെമിസ്ട്രി)/ബിടെക് (ഡയറി ടെക്നോളജി) യും പ്രവൃത്തിപരിചയവുമാണ് കെമിസ്ട്രി അനലിസ്റ്റിന്റെ യോഗ്യത. എം.ടെക് (ഡയറി മൈക്രോബയോളജി)/ എം.എസ്‌സി (ജനറൽ മൈക്രോ ബയോളജി) യും പ്രവൃത്തിപരിചയവുമാണ് മൈക്രോ ബയോളജി അനലിസ്റ്റിന്റെ യോഗ്യത. പ്രായപരിധി 18-40 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകൾ നവംബർ 27നു വൈകുന്നേരം 5 മണിക്ക് മുൻപായി ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം – 695004 വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.dairydevelopment.kerala.gov.in, 0471 2440074/ 0471 2440853
പ്രതികരിക്കാൻ ഇവിടെ എഴുതുക: