ജമ്മു : പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹിസ്ബ്-ഉത്-താഹിർ (എച്ച് യുറ്റി) ഭീകരരുമായി സമ്പർക്കം പുലർത്തി അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയും തമിഴ്‌നാട്ടിലെ യുവാക്കളെ വർഗീയവത്കരിക്കുകയും ചെയ്ത കേസിൽ ഉൾപ്പെട്ട ആറ് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ ഡോ. ഹമീദ് ഹുസൈൻ, അഹമ്മദ് മൻസൂർ, അബ്ദുറഹ്മാൻ, മുഹമ്മദ് മൗറീസ്, ഖാദർ നവാസ് ഷെരീഫ്, അഹമ്മദ് അലി എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
ഗൂഢാലോചനയുടെ ഭാഗമായി കുറ്റാരോപിതർ തെറ്റായ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുകയും ഇന്ത്യയുടെ ദേശീയ ഏകീകരണം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയെ തകർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ യുവാക്കൾക്കിടയിൽ അസ്വാരസ്യം വളർത്തുകയും ചെയ്തുവെന്ന് ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. പ്രതികൾ എച്ച് യുറ്റിയിലെ പ്രധാന അംഗങ്ങളാണെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
കൂടാതെ മത മേധാവികൾ ഇമാമുകൾ എന്നിവരുമായി ചേർന്ന് ഭീകരവാദ റിക്രൂട്ട്‌മെൻ്റ് മീറ്റിംഗുകൾ സംഘടിപ്പിക്കാൻ സംഘടന അവരെ ചുമതലപ്പെടുത്തിയിരുന്നു. തീവ്രവാദ പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പിനുള്ള വിവിധ പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കെടുത്തിരുന്നതായും എൻഐഎ പറഞ്ഞു. കൂടാതെ ഇന്ത്യയിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി തീവ്രവാദ സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീറിന് വേണ്ടി തമിഴ്‌നാട്ടിലെ യുവാക്കളെ തീവ്രവാദിവൽക്കരിക്കുന്നതിൽ ഇവർക്ക് സുപ്രധാന പങ്കുണ്ടെന്ന് എൻഐഎ പറഞ്ഞു.
ഇന്ത്യയിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി അക്രമാസക്തമായ ജിഹാദി പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനും എച്ച് യുറ്റി സ്ഥാപകൻ ഷെയ്ഖ് തഖി അൽ-ദിൻ അൽ-നബ്ഹാനിയുടെ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുന്നതിനുമായി സംഘടന നടത്തുന്ന മറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഗൂഢാലോചനയെന്ന് എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ആദ്യം തമിഴ്‌നാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ചെന്നൈയിലെ എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
അതേ സമയം മറ്റൊരു തീവ്രവാദ ഗൂഢാലോചന കേസിൽ ഒരു ബംഗ്ലാദേശ് പൗരനെ കൊൽക്കത്തയിലെ എൻഐഎ പ്രത്യേക കോടതി അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. നിരോധിത ഭീകര സംഘടനയായ ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) അംഗമായ റബീഉൾ ഇസ്ലാമിനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക