India

പിനാക പരീക്ഷണം വിജയം: അഭിനന്ദിച്ച് രാജ്നാഥ് സിങ്, വാങ്ങാന്‍ തയാറായി ഫ്രാന്‍സും അര്‍മേനിയയും

Published by

ന്യൂദല്‍ഹി: വിദേശ രാജ്യങ്ങള്‍ക്കിടയില്‍ ആവശ്യകതയേറുന്നതിനിടെ ഭാരതത്തിന്റെ ഗൈഡഡ് പിനാക ആയുധ സംവിധാനത്തിന്റെ പരീക്ഷണം വിജയം. പിനാകയുടെ പരിധി, കൃത്യത, സ്ഥിരത, ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഉന്നംവയ്‌ക്കുമ്പോഴത്തെ കാര്യക്ഷമത എന്നിവ പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു പരീക്ഷണം. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എആര്‍ഡിഇ) തദ്ദേശീയമായി വികസിപ്പിച്ചതാണിത്.

റഷ്യയുടെ ഗ്രാഡ് ബിഎം 21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ്, ഭഗവാന്‍ പരമശിവന്റെ ധനുസിന്റെ പേര് നല്കി ഡിആര്‍ഡിഒ പിനാക വികസിപ്പിച്ചെടുത്തത്. വിവിധ ഫീല്‍ഡ് ഫയറിങ് റേഞ്ചുകളില്‍ മൂന്ന് ഘട്ടങ്ങളായായിരുന്നു പരീക്ഷണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ഇന്‍-സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍നിന്നും 12 റോക്കറ്റുകളുടെ പരീക്ഷണമാണ് വ്യാഴാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയത്. റോക്കറ്റ് സംവിധാനം സൈന്യത്തിന് കൈമാറുന്നതിന് മുന്‍പുള്ള എല്ലാ പരീക്ഷണങ്ങളും ഇതോടെ പൂര്‍ത്തിയായതായി ഡിആര്‍ഡിഒ അറിയിച്ചു. പരീക്ഷണത്തിന് പിന്നാലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആര്‍ഡിഒയെ അഭിനന്ദിച്ചു.

അമേരിക്കയുടെ ഹിമാര്‍സിന്(എച്ച്‌ഐഎംഎആര്‍എസ്) തുല്യമായി കണക്കാക്കുന്ന സംവിധാനമാണ് പിനാക. അര്‍മേനിയയില്‍ നിന്നാണ് പിനാകയ്‌ക്ക് ആദ്യ ഓര്‍ഡര്‍ ലഭിച്ചത്. ഇപ്പോള്‍, ഫ്രാന്‍സും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

1999ലെ കാര്‍ഗില്‍ യുദ്ധകാലത്താണ് പിനാക ആദ്യമായി വിന്യസിച്ചത്. അന്ന് ഉയര്‍ന്ന പ്രദേശത്തുള്ള പാക് പൊസിഷനുകള്‍ തകര്‍ക്കുന്നതില്‍ പിനാക നിര്‍ണായക പങ്ക് വഹിച്ചു. വിവിധതരം ഫ്യൂസുകളും ആയുധശേഖരങ്ങളും ഉള്‍പ്പെടുന്നതാണിത്. 38 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുന്ന റോക്കറ്റാണിത്. 60 കിലോമീറ്റര്‍ ദൂരപരിധിയുള്ള പിനാക എംകെ 2 റോക്കറ്റും എആര്‍ഡിഇ വികസിപ്പിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by