ചെറുതോണി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി സ്കൂള്‍ കൗണ്‍സിലര്‍ക്കെതിരെ വ്യാജ പരാതി എഴുതിവാങ്ങിയ ചൈല്ഡ്ലൈന് പ്രവര്ത്തകന് അഞ്ചരവര്‍ഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും ശിക്ഷ. മൂന്നാറിലെ ചൈല്ഡ്ലൈന് പ്രവര്‍ത്തകനായിരുന്ന ഇക്കാനഗര്‍ സ്വദേശി ജോണ്‍ എസ്.എഡ്വിനെയാണ് ഇടുക്കി അതിവേഗ കോടതി ജഡ്ജി ലൈജുമോള്‍ ഷെരീഫ് ശിക്ഷിച്ചത്.
സ്കൂളിലെ കൗണ്‍സലറായ വനിത, വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ചെന്ന വ്യാജ പരാതി കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍ എഴുതി വാങ്ങുകയായിരുന്നു. തുടര്‍ന്ന് പോലിസ് അന്വേഷണത്തില്‍ സംഭവം വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇയാളെ അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ കൗണ്‍സലര്‍ ജീവനൊടുക്കിയിരുന്നു.
കുട്ടിയുടെ പക്കല്‍നിന്നു വാങ്ങിയ പരാതി പ്രതി പൊലീസിനു കൈമാറി. പിന്നീടു പൊലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണു സംഭവം പുറത്തായത്.പ്രതി തന്നെ അടച്ചിട്ട മുറിയില്‍ തനിച്ചിരുത്തി ഭീഷണിപ്പെടുത്തിയാണു പരാതി എഴുതിവാങ്ങിയതെന്നു കുട്ടി മൊഴിനല്‍കി. തുടര്‍ന്നാണു ചൈല്ഡ്ലൈന് പ്രവര്‍ത്തകനെ പ്രതിയാക്കി മൂന്നാര്‍ പൊലീസ് കേസെടുത്തത്.
2020ല്‍ ആണു കേസിനാസ്പദമായ സംഭവം. സ്കൂളിലെ മറ്റ് അധ്യാപികമാരും ഇതിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൗണ്സലറോടുള്ള വിരോധംമൂലം പ്രതിയെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാന്‍ അധ്യാപികമാരും കുട്ടു നിന്നതായാണ് റിപ്പോര്‍ട്ട്. പിഴത്തുക മരിച്ച അധ്യാപികയുടെ അവകാശികള്‍ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: