ന്യൂദല്‍ഹി: വെറും 2000 രൂപയില്‍ ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് എസിയില്‍ യാത്ര സുഗമമാക്കുന്ന കേന്ദ്രറെയില്‍വേയുടെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ 2025 മുതല്‍ ഓടിത്തുടങ്ങും. 13 മണിക്കൂര്‍ കൊണ്ട് ദല്‍ഹിയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് എത്തിച്ചേരുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 2025 മുതല്‍ ഓടിത്തുടങ്ങും. ദല്‍ഹി-ശ്രീനഗര്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എന്നായിരിക്കും ഈ തീവണ്ടി അറിയപ്പെടുക.
വൈകീട്ട് ഏഴ് മണിയോടെ ദല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പിറ്റേന്ന് രാവിലെ എട്ട് മണിക്ക് ജമ്മു കശ്മീരില്‍ എത്തിച്ചേരുന്ന വിധത്തിലാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുകയെന്ന് ഇന്ത്യന്‍ റെയില്‍വേ പറയുന്നു. ദല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്കുള്ള 800 കിലോമീറ്റര്‍ ദൂരമാണ് 13 മണിക്കൂറില്‍ ഓടിയെത്തുക.
വന്ദേഭാരത് സ്ലീപ്പറില്‍ എസി 3 ടിയറില്‍ ആണ് 2000 രൂപയ്‌ക്ക് യാത്ര നടത്താനാവുക. എസി 2 ടിയറില്‍ 2500 രൂപ നല്‍കേണ്ടിവരും. ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റിന് 3000 രൂപ.
ദല്‍ഹിയിക്കും ജമ്മു കശ്മീരിനും ഇടയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുമ്പോള്‍ തന്നെ വളരെ കുറച്ചുസ്റ്റോപ്പുകള്‍ മാത്രമേ അനുവദിക്കൂ. അംബാല കന്‍റോണ്‍മെന്‍റ്, ലുധിയാന, ജമ്മു താവി, ശ്രീമാതാ വൈഷ്ണോദേവി കത്ര എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് വഴിയായിരിക്കും ട്രെയിനുകള്‍ ഓടുക. ജമ്മുവിനോടും കശ്മീരിനോടും ജനങ്ങള്‍ക്കുള്ള ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഈ ട്രെയിന്‍ ലിങ്ക് തന്നെ ഉപയോഗപ്പെടുത്തുന്നത്. വന്ദേഭാരത് ആയതിനാല്‍ യാത്രക്കാര്‍ക്ക് അതിവേഗ ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നതോടൊപ്പം കുറെക്കൂടി മെച്ചപ്പെട്ട സൗകര്യങ്ങളും ഉറപ്പാക്കും. ഉറക്കം സുഗമമാക്കാന്‍ ഉതകുന്ന ഒന്നാംകിട സാമഗ്രികളും സൗകര്യങ്ങളും റെയില്‍വേ ഉറപ്പാക്കും. ബജറ്റിനുള്ളില്‍ മികച്ച യാത്രാ അനുഭവം തേടുന്നവര്‍ക്ക് ദല്‍ഹി-കശ്മീര്‍ വന്ദേഭാരത് യാത്ര മികച്ച അനുഭവമാകും എന്നുറപ്പ്.
നിങ്ങള്‍ ഒരു ബിസിനസ് ട്രാവലര്‍ ആയാലും ടൂറിസ്റ്റായാലും രാത്രി ട്രെയിനില്‍ ഉറങ്ങി രാവിലെ ശ്രീനഗറില്‍ എത്തുന്നതോടെ നിങ്ങള്‍ക്ക് പകല്‍ സമയം മുഴുവന്‍ ബിസിനസ് മീറ്റിങ്ങിനായാലും വിനോദസഞ്ചാര യാത്രകള്‍ക്കായും ഉപയോഗിക്കാനാകും. രാത്രിയിലെ യാത്ര, യാത്രക്കാര്‍ക്ക് കാര്യക്ഷമമായി അടുത്ത പകലിനെ ഉപയോഗിക്കാന്‍ സഹായിക്കും. ഇതോടെ നിലവിലെ സാവധാനത്തില്‍ ഓടുന്ന തീവണ്ടി സര്‍വ്വീസുകളേക്കാള്‍ ഏറെ മെച്ചമുണ്ടാക്കുന്നതാണ് ഈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍. മാത്രമല്ല, ജമ്മു കശ്മീരിലേക്കുള്ള ജനങ്ങളുടെ യാത്ര സുഗമമാകുന്നതോടെ കശ്മീരുമായുള്ള പുറംലോകബന്ധം വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക