Kerala

മുഖത്ത് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തുന്നവരുടെ വിവരം അറിയിക്കണമെന്ന് പൊലീസ്, കുറുവ സംഘത്തിനായി അന്വേഷണം

Published by

ആലപ്പുഴ : യുവാവിന്റെ ഇടിയേറ്റ് പുന്നപ്ര തൂക്കുകുളത്ത് കുറുവ സംഘത്തിലെ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ മുഖത്തെ എല്ല് പൊട്ടിയെന്ന് സംശയം. പ്രദേശവാസിയായ യുവാവുമായി മല്‍പ്പിടുത്തമുണ്ടാകുകയും തുടര്‍ന്ന് യുവാവിന്റെ ഇടി മുഖത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുഖത്ത് പരിക്കേറ്റ് ചികത്സയ്‌ക്കായി എത്തുന്നവരുടെ വിവരം കൈമാറാന്‍ ആശുപത്രികള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കി.

കുറുവാ സംഘം എന്ന് സംശയിക്കുന്നവര്‍ നടത്തിയ പത്തോളം മോഷണങ്ങളാണ് ജില്ലയില്‍ അടുത്തിടെ ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേര്‍ത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യമുളള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കടക്കല്‍, വസ്ത്രധാരണരീതി, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കല്‍ തുടങ്ങിയ മോഷണ രീതികളില്‍ നിന്നാണ് കുറുവാ സംഘമെന്ന് സംശയിക്കുന്നത്.

പറവൂര്‍ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകള്‍ നീതുവിന്റെ കഴുത്തില്‍ നിന്നും ഒന്നരപവന്റെ സ്വര്‍ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അരപവന്റെ മാലയുമാണ് അപഹരിച്ചത്.

എറണാകുളം വടക്കന്‍ പറവൂരിലും ഭീതിപരത്തിയിരിക്കുകയാണ് കവര്‍ച്ചാ സംഘം. പറവൂരിലെയും ചേന്ദമംഗലത്തെയും ആറു വീടുകളിലാണ് മോഷ്ടാക്കളെത്തിയത്. പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് രണ്ടംഗ സംഘമെത്തുന്നത്. കമ്പിപാരയടക്കം ആയുധങ്ങളുമായി അര്‍ധ നഗ്‌നരായി വീടുകളിലെത്തി വാതില്‍ കുത്തിപൊളിച്ചും ജനല്‍ തുറന്നുമെല്ലാം കവര്‍ച്ചാ ശ്രമം നടത്തുകയാണ്.പ്രദേശത്തെ ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്‌

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by