ന്യൂദല്‍ഹി: പാക് അധീന കശ്മീരില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തുമെന്ന പ്രഖ്യാപനവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. .ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കുന്ന തീരുമാനം അനുവദിക്കില്ലെന്നും ക്രിക്കറ്റില്‍ രാഷ്‌ട്രീയം അനുവദിക്കില്ലെന്നും വെട്ടിത്തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷാ ഇതിനെതിരെ ഐസിസിയില്‍ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ ഐസിസി പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഈ നീക്കം തടഞ്ഞു. പാക് അധീന കശ്മീരിന്റെ ഭാഗങ്ങളായ സ്കര്‍ദു, മറി, മുസഫറാബാദ് എന്നിവിടങ്ങളില്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടത്താനായിരുന്നു പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തീരുമാനം.
പാക് അധീന കശ്മീരില്‍ (പിഒകെ) ചാമ്പ്യന്‍സ് ട്രോഫി നടത്തുന്നത് ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കുമെന്ന് ജയ് ഷാ പറഞ്ഞു. സ്പോര്‍ട്സില്‍,ക്രിക്കറ്റില്‍ രാഷ്‌ട്രീയ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ജയ് ഷാ ഐസിസിയെ അറിയിച്ചിട്ടുണ്ട്. പാക് അധീന കശ്മീരിലെ വൈകാതെ ഇന്ത്യയുമായി ചേര്‍ക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2024 മാസത്തില്‍ പ്രസംഗിച്ചിരുന്നു. ബിജെപിയുടെ കാഴ്ചപ്പാടാണ് അന്ന് യോഗി പ്രകടിപ്പിച്ടത്. ഇന്ത്യയുടെ ഭാഗമാണെന്ന് ബിജെപി സര്‍ക്കാര്‍ കരുതുന്ന സ്ഥലമാണ് പാക് അധീന കശ്മീര്‍. അപകടകരമായ ഈ നീക്കത്തില്‍ നിന്നും പാകിസ്ഥാനെ തടയാന്‍ ജയ് ഷാ ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന 2925ലെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ പാകിസ്ഥാനില്‍ നടത്തിയാല്‍ ഇന്ത്യ പങ്കെടുക്കില്ലെന്നും നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാവി തുലാസില്‍ ആയിരുന്നു. ഇന്ത്യ പാകിസ്ഥാനില്‍ മത്സരിച്ചാല്‍ മാത്രമേ വന്‍വരുമാനം നേടാന്‍ കഴിയൂ എന്ന് പാക് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനറിയാം. അതുവഴി നഷ്ടങ്ങളെല്ലാം നികത്തി വന്‍ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലാണ് ഇന്ത്യ തകര്‍ത്തത്. ഒരു ഭാഗത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ക്രിക്കറ്റില്‍ നിന്നുള്ള ലാഭത്തിന്റെ കാര്യത്തില്‍ മാത്രം ഇന്ത്യയുമായി ശത്രുത മറന്ന് സഹകരിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പിനോട് ഇന്ത്യയ്‌ക്ക് സഹകരിക്കാന്‍ കഴിയില്ലെന്നുമുള്ള ഇന്ത്യയുടെ നയം ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎഇ പോലെ രാഷ്‌ട്രീയത്തിനപ്പുറത്തുള്ള മത്സരവേദികളില്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പക്ഷെ ഇത് പാകിസ്ഥാനും അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക