Kerala

കണ്ണൂരില്‍ നാടക സംഘത്തിന്റെ വാഹനം അപകടത്തില്‍ പെട്ട് മരിച്ച 2 പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം

Published by

കണ്ണൂര്‍ : കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തില്‍ മരിച്ച രണ്ട് നടിമാരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറും.അപകടത്തില്‍ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് അടിയന്തര സഹായം നല്‍കുക.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കും.മരിച്ചവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കുമായുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.

അപകട സമയത്ത് മിനി ബസില്‍ ഉണ്ടായിരുന്നത് കായംകുളം ദേവ കമ്മ്യൂണിക്കേഷന്‍സ് നാടക സംഘത്തിലെ 14 പേരാണ്. വനിതാ മെസ് എന്ന നാടകം അവതരിപ്പിച്ച് രാത്രിയില്‍ കണ്ണൂര്‍, കടന്നപ്പള്ളിയില്‍ നിന്ന് വയനാട് ബത്തേരിയിലേക്ക് പോകും വഴി പുലര്‍ച്ചെയായിരുന്നു അപകടം. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം ഗതാഗതം നിരോധിച്ച നെടുംപൊയില്‍ ചുരം പാതയിലൂടെ ഏറെ ദൂരം മുന്നോട്ടു പോയ ശേഷമാണ് റോഡ് അടച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

സമീപത്തെ വീട്ടില്‍ ചോദിച്ചപ്പോള്‍ നിര്‍ദ്ദേശിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര തുടര്‍ന്ന സംഘം മലയാംപടി റോഡിലെ കുത്തനെയുള്ള ഇറക്കവും കൊടും വളവും കാരണം വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു. താഴെയുള്ള കുഴിയിലേക്ക് മുന്‍ഭാഗം കുത്തി വീണ വാഹനം മരത്തില്‍ തങ്ങി നിന്നു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by