പൊന്നാനി: മുനമ്പം നിവാസികളെ സര്‍ക്കാര്‍ ഇടപ്പെട്ട് പുനരധിവസിപ്പിക്കണമെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ പാണക്കാട റഷീദലി ശഹാബ് തങ്ങള്‍ വ്യക്തമാക്കി.
മുനമ്പത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മിഷന്‍ ആയിരുന്നു. തന്റെ കാലത്ത് മുനമ്പത്തുള്ളവര്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും ടി.കെ. ഹംസ ചെയര്‍മാനായ ബോര്‍ഡാണ് നോട്ടീസ് അയച്ചതെന്നും റഷീദലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. റഷീദലിയുടെ കാലത്താണ് നോട്ടീസ് അയച്ചതെന്ന വാര്‍ത്തകള്‍ പുറത്തുവരവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2014 മുതല്‍ 2019 വരെ റഷീദലി ശഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. 2008 കാലഘട്ടത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാറാണ് നിസാര്‍ കമ്മിഷനെ നിയമിക്കുന്നത്. ആ കമ്മിഷന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് വന്നു. അത് സര്‍ക്കാരിന്‌സമര്‍പ്പിച്ചു. 2010ല്‍ ആ സ്വത്ത് തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിന്റെ ഉത്തരവ് വന്നു. അതിനെതിരെ അവിടെ താമസിക്കുന്നവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2016ല്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നു. എന്നാല്‍ താന്‍ ചെയര്‍മാനായ വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചില്ല. ഇതേത്തുടര്‍ന്ന് ഒടുവില്‍ കോടതിയലക്ഷ്യ നോട്ടീസ് വന്നു. ബോര്‍ഡ് മീറ്റിങ് കൂടി വിഷയം പരിഗണിച്ചു. എന്നാല്‍ ഒരു നോട്ടീസ് പോലും അയയ്‌ക്കാതെയാണ് കാലവധി പൂര്‍ത്തിയാക്കി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക