ചെന്നൈ: കശ്മീരില്‍ ഡ്യൂട്ടിക്കിടയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച തമിഴ്നാട്ടുകാരനായ മേജറാണ് മുകുന്ദ് വരദരാജന്‍. ഇയാളുടെ ജീവിതകഥ പറയുന്ന സിനിമയാണ് അമരന്‍. ഈ സിനിമയില്‍ മുസ്ലിങ്ങളെ തീവ്രവാദികളായും മോശമായും ചിത്രീകരിക്കുന്നതിനാല്‍ അമരന്‍ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തി തമിഴ്നാട്ടില്‍ സമരം ചെയ്യുകയാണ് എസ് ഡിപിഐ. ന്യൂനപക്ഷ സമുദായത്തിന് നേരെ അവിശ്വാസം വളര്‍ത്തുന്ന രീതിയിലാണ് സിനിമയിലെ ചിത്രീകരണമെന്നാണ് എസ് ഡിപിഐ ആരോപിക്കുന്നത്.
ഈ സിനിമയുടെ നിര്‍മ്മാതാവാണ് കമല്‍ഹാസന്‍. 250 കോടി വരുമാനം നേടി, ജനങ്ങളുടെ കയ്യടി നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ് അമരന്‍. കഴിഞ്ഞ ദിവസം 150 ഓളം എസ് ഡി പിഐ പ്രവര്‍ത്തകര്‍ കമല്‍ ഹാസന്റെ സിനിമാനിര്‍മ്മാണക്കമ്പനിയായ രാജ് കമല്‍ ഫിലിംസിന്റെ ചെന്നൈ ആല്‍വാര്‍പേട്ടിലെ ഓഫീസിന് മുന്‍പാകെ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരെ സ്റ്റാലിന്റെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
ചെന്നൈയില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിയറ്ററുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും അമരന്റെ പ്രദര‍്ശനത്തില്‍ പങ്കെടുത്തിരുന്നു. ഇന്നത്തെ യുവാക്കള്‍ക്ക് പുസ്തകത്തിന്റെ രൂപത്തിലും സിനിമയായും മേജര്‍ മുകുന്ദിന്റെ കഥ എത്തിച്ചത് വലിയ കാര്യമാണെന്ന് സ്റ്റാലിന്‍ പറയുന്നു. മേജര്‍ മുകുന്ദിന്റെ ധീരതയും അര്‍പ്പണബോധവും വൈകാരികമായി ഒപ്പിയെടുക്കുന്നതില്‍ സംവിധായകന്‍ രാജ് കുമാര്‍ വിജയിച്ചിരിക്കുന്നുവെന്നും സ്റ്റാലിന്‍ പറയുന്നു. നടന്‍ സൂര്യ ഉള്‍പ്പെടെയുള്ളവരും അമരന്‍ എന്ന സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അതായത് തമിഴ്നാട്ടില്‍ അമരന്‍ നിരോധിക്കാനോ, ചിത്രത്തിന്റെ പ്രദര്‍ശനം തടയാനോ എസ് ഡിപിഐയ്‌ക്കാവില്ല എന്നര്‍ത്ഥം. അത്രയ്‌ക്ക് ശക്തമാണ് സിനിമയ്‌ക്ക് അനുകൂലമായ പ്രതികരണവും സര്‍ക്കാരില്‍ നിന്നുള്ള പിന്തണയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: