Categories: India

മഹായുതി സര്‍ക്കാര്‍ വികാസ് യുഗം സൃഷ്ടിച്ചു; അഘാഡി മറാഠ ജനതയെ യാചകരാക്കും: മോദി

Published by

ഛത്രപതി സംഭാജി നഗര്‍ (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയുടെ വികസനം മഹായുതിയിലൂടെ എന്നത് മുദ്രാവാക്യമല്ല, യാഥാര്‍ത്ഥ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൃദ്ധി മഹാമാര്‍ഗ് (മുംബൈ-നാഗ്പൂര്‍ ഹൈവേ) നടപ്പായത് ഇക്കാലത്താണ്. സംഭാജി നഗര്‍ മറാത്ത്വാഡ, വിദര്‍ഭ, മുംബൈ എന്നിവിടങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ റോഡ് പദ്ധതിയാണ് സമൃദ്ധി മഹാമാര്‍ഗ്. വികസനത്തിന്റെ മഹായാഗത്തോടൊപ്പം, നമ്മുടെ സര്‍ക്കാര്‍ പൈതൃകത്തിന്റെ മഹോത്സവവും കൊണ്ടാടും.

വിഠലേശ്വരഭഗവാന്റെ സന്നിധിയിലേക്ക് സന്ത് ജ്ഞാനേശ്വറെ വഹിച്ച് പല്ലക്ക് യാത്ര നടത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പാല്‍ക്കി ഹൈവേ നിര്‍മിച്ചത് ഈ സര്‍ക്കാരാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഛത്രപതി സംഭാജി നഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും യോഗത്തില്‍ പങ്കെടുത്തു.

മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡി സഖ്യം അധികാരം നേടിയാല്‍ അത് വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും കാലഘട്ടം തിരികെകൊണ്ടുവരലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആ കാലം നമ്മള്‍ മറക്കരുത്. കുടിവെള്ളത്തിന് ക്യൂ നിന്ന കാലമാണത്. ഓരോ തുള്ളി വെള്ളത്തിനും നമ്മുടെ അമ്മമാര്‍ യാചിക്കേണ്ടി വന്ന കാലമാണത്. ആ കാലമിനി തിരികെ വരരുത്. അഘാഡിയെ അധികാരത്തിന്റെ അയല്‍പക്കത്തുപോലും അടുപ്പിക്കരുത്, പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സംസ്ഥാനം നേരിട്ട ഒരു പ്രശ്‌നത്തിനും അഘാഡിയുടെ പക്കല്‍ പരിഹാരമുണ്ടായിട്ടില്ല. ജലക്ഷാമം കൊണ്ട് മറാത്ത്‌വാഡ പൊറുതിമുട്ടിയ കാലത്ത് അവരുടെ സര്‍ക്കാര്‍ കൈയുംകെട്ടി ഇരുന്നു. എന്നാല്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹായുതി സര്‍ക്കാര്‍ വന്നപ്പോള്‍ പരിഹാരം കാണാന്‍ ആരംഭിച്ചു. ബാലാസാഹേബ് ഠാക്കറെയുടെ ആഗ്രഹമായിരുന്നു ഛത്രപതി സംഭാജി നഗറെന്ന പേര്. രണ്ടര വര്‍ഷം അധികാരത്തിലിരുന്ന അഘാഡി സര്‍ക്കാര്‍ അത് അവഗണിച്ചു. അവര്‍ക്ക് ഔറംഗബാദെന്ന പേര് മാറ്റാന്‍ ധൈര്യമുണ്ടായില്ല. അവര്‍ ഔറംഗസേബ് ഫാന്‍സ് ക്ലബ് ആയി അധപ്പതിച്ചു. എന്നാല്‍ മഹായുതി സര്‍ക്കാര്‍ ഈ നഗരത്തിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്ന് മാറ്റി. ഈ തീരുമാനത്തിനെതിരെ കോടതിയില്‍ പോയ പാര്‍ട്ടിയുടെ പേര് കോണ്‍ഗ്രസ് എന്നാണെന്ന് മറക്കരുത്, മോദി പറഞ്ഞു.

288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി 20ന് നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക