കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശം ഏറ്റു. തന്നെത്തന്നെ കൊള്ളിച്ചാണ് മന്ത്രി പറഞ്ഞതെങ്കിലും ചിലര്‍ ‘അത് തന്നെക്കുറിച്ച് തന്നെയാണ് ‘ എന്ന് സ്വയം തിരിച്ചറിഞ്ഞു.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ എന്തിനും ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചത്. ‘റോളും ഇല്ലെങ്കിലും ക്രെഡിറ്റ് എടുക്കാന്‍ താന്‍ വന്നു നില്‍ക്കും. കാരണം താനൊരു രാഷ്‌ട്രീയക്കാരനാണ് ‘എന്ന് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ‘മോദി ഒരു കാര്യം പ്രഖ്യാപിച്ചാല്‍ അത് നടപ്പിലാക്കും. അതിന് പിന്നാലെ തന്നെ പോലുള്ളവര്‍ നടക്കേണ്ട കാര്യമില്ല’ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജും ജോസ് കെ. മാണിയും വേദിയിലിരിക്കെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.
എന്നാല്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുന്ന ഈ എംപിമാര്‍ക്ക് അത് വല്ലാതെ കൊണ്ടു. വികസന പ്രവര്‍ത്തനങ്ങളില്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന പ്രതികരണവുമായി പിറ്റേന്ന് യുഡിഎഫ് എം പി ഫ്രാന്‍സിസ് ജോര്‍ജ് രംഗത്തെത്തി. ജോസ് കെ മാണിയും മുന്‍ എംപി തോമസ് ചാഴികാടനും കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റുമാണ് പരിഹാസം തങ്ങളെ കുറിച്ചാണ് എന്ന വാദവുമായി പിന്നാലെ രംഗത്ത് വന്നിരിക്കുന്നത്.
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‌റെ നിര്‍ദ്ദേശപ്രകാരം കോട്ടയം റെയില്‍വേ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കാലമായി നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. യാത്രക്കാരുടെ ആവശ്യ പ്രകാരം ഏറ്റുമാനൂര്‍ കോട്ടയം പ്രധാന റോഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് കടക്കാന്‍ കഴിയും വിധം രണ്ടാം കവാടം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സാധ്യമായത്.എന്നാല്‍ ഇതിന്റെ ഓരോ ഘട്ടത്തിലും തങ്ങളാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം പിന്നില്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ഒരു പ്രമുഖ പത്രത്തെ കൂട്ടുപിടിച്ച് ശ്രമം നടത്തിക്കൊണ്ടിരുന്നു.
എന്നാല്‍ മന്ത്രി ജോര്‍ജ് കുര്യന്‍ ഇവരെ ആരെയും പരാമര്‍ശിച്ചല്ല അത്തരമൊരു പ്രതികരണം നടത്തിയത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഒരു കാര്യം എറ്റെടുത്താല്‍ മറ്റ് ഇടപെടലുകള്‍ ഇല്ലാതെതന്നെ പൂര്‍ത്തിയാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കും എന്ന് മാത്രമാണ് മന്ത്രി ഉദ്ദേശിച്ചത്. എന്നാല്‍ ചില നേതാക്കള്‍ തങ്ങളുടെ തലയിലാണോ കോഴിപ്പൂട എന്ന് അറിയാതെ തപ്പി നോക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: