Kerala

എബിവിപി പ്രതിഷേധം ഫലം കണ്ടു; ബാര്‍ ഹോട്ടലിന് വേണ്ടി സ്‌കൂളിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും കോർപ്പറേഷൻ പിന്മാറി

Published by

തിരുവനന്തപുരം: ബാര്‍ ഹോട്ടലിന് വേണ്ടി എസ്എംവി സ്‌കൂളിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്നും സ്‌കൂള്‍ അധികൃതരും കോര്‍പ്പറേഷനും പിന്മാറി. കവാടത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റും കമ്പികളും പൊളിച്ചു മാറ്റി. നിര്‍മ്മാണത്തിനായി എടുത്ത കുഴിയും മൂടി. വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവനന്തപുരത്തെ പ്രധാന സ്‌കൂളായ എസ്എംവിയുടെ ഗേറ്റ് മാറ്റി സ്ഥാപിക്കാന്‍ കോര്‍പ്പറേഷനാണ് തീരുമാനിച്ചത്. സ്‌കൂളിന്റെ പ്രധാന കവാടത്തിന് തൊട്ടുപിന്നിലായിട്ടാണ് പുതിയ കവാടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അതേസമയം മതില്‍ നിലനിര്‍ത്തിക്കൊണ്ട് ഗേറ്റ് മാത്രം ഉള്ളിലേക്ക് പണിയുന്നതാണ് ദുരൂഹത ഉണര്‍ത്തിയത്. സ്‌കൂളിന്റെ എതിര്‍വശത്തുള്ള ബാര്‍ ഹോട്ടലുകാരെ സഹായിക്കാനാണ് സ്‌കൂള്‍ കവാടം പൊളിച്ചതെന്ന ആരോപണവുമായി പലരും രംഗത്തെത്തിയിരുന്നു.

നേരത്തെ ബിയര്‍ പാര്‍ലര്‍ ആയിരുന്ന കെട്ടിടം പൊളിച്ച് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള ബാര്‍ ആക്കാനുള്ള പണികള്‍ ഇവിടെ പുരോഗമിക്കുകയാണ്. ത്രി സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് സ്‌കൂളുകളില്‍ നിന്നും 200 മീറ്റര്‍ ദൂരപരിധി പാലിച്ചാല്‍ മാത്രമേ ബാര്‍ ലൈസന്‍സ് ലഭിക്കുകയുള്ളൂ. നിലവില്‍ സ്‌കൂളിന്റെ പ്രവേശന കവാടവും ബാറും തമ്മില്‍ നിഷ്‌കര്‍ഷിക്കുന്ന ദൂരപരിധിയുടെ പകുതിപോലുമില്ല. എന്നാല്‍ ബാര്‍ റോഡിന്റെ മറുവശത്ത് ആയതിനാല്‍ ഓവര്‍ബ്രിഡ്ജ് ചുറ്റിയോ ആയുര്‍വേദ ജങ്ഷന്‍ ചുറ്റിയോ ആണ് ദൂരപരിധി കണക്കാക്കുന്നത്. ഇങ്ങനെ നോക്കിയാല്‍പ്പോലും 200 മീറ്റര്‍ എന്ന പരിധി എത്തുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് സ്‌കൂള്‍ഗേറ്റ് ഉള്ളിലേയ്‌ക്ക് മാറ്റുന്ന പണി ആരംഭിച്ചത്. ഇതോടെ 200 മീറ്റര്‍ മറികടക്കാന്‍ കഴിയുന്ന അവസ്ഥയെത്തി. ഇതേത്തുടര്‍ന്നാണ് പലരും പ്രതിഷേധവുമായി എത്തിയത്.

ഒരു ദിവസം രാവിലെ പണി തുടങ്ങിയപ്പോള്‍ കുട്ടികളെ വിളിക്കാന്‍ സ്‌കൂള്‍ ബസിന് പോലും പുറത്തിറങ്ങാന്‍ പറ്റാതെ വന്നു. അന്ന് കുഴിയെല്ലാം നികത്തിയാണ് ബസിനെ ഉള്ളിലേക്ക് കൊണ്ടു പോയത്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബാര്‍ മുതലാളിമാരെ സഹായിക്കുന്ന കോര്‍പ്പറേഷനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സ്‌കൂളിന്റെ ഗേറ്റ് മാറ്റാന്‍ ബാര്‍ മുതലാളിയില്‍ നിന്ന് മേയറും കോര്‍പ്പറേഷന്‍ ഭരണസമിതിയും വന്‍തുക വാങ്ങിയെന്ന ആരോപണവും ഉയരുന്നുണ്ട്.

തിരുവനന്തുപരത്തെ എംജി റോഡില്‍ തലയെടുപ്പോടെ നില്‍ക്കുന്ന എസ്എംവി സ്‌കൂളിന്റെ പേര് ശ്രീമൂല വിലാസം ഹൈസ്‌കൂള്‍ എന്നാണ്. അഞ്ചാം ക്ലാസ് മുതല്‍ പത്തു വരെ ഒരു കാലത്ത് നാലായിരത്തോളം പേര്‍ ഇവിടെ പഠിച്ചിരുന്നു. എന്നാല്‍ പൊതു വിദ്യാഭ്യാസ രംഗം തളര്‍ന്നപ്പോള്‍ എസ്എംവിയിലും കുട്ടികള്‍ കുറഞ്ഞു. രാജഭരണ കാലത്ത് തുടങ്ങിയ സ്‌കൂളിന് നിരവധി നേട്ടങ്ങളും മാതൃകകളും അവകാശപ്പെടാനുണ്ട്. അധ്യാപകരും കുട്ടികളും ചേര്‍ന്ന് മാഞ്ഞാലിക്കുളത്ത് നിര്‍മ്മിച്ച സ്‌കൂള്‍ ഉത്തമ മാതൃകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by