വലെൻസിയ : സ്പെയിനിൽ പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ്. 215പേരുടെ ജീവനെടുത്ത വൻ പേമാരി കഴിഞ്ഞ് വെറും രണ്ട് ആഴ്ച പിന്നിടും മുൻപാണ് പുതിയ പേമാരി എത്തുന്നത്. ബുധനാഴ്ച രാവിലെയാണ് സ്പെയിനിലെ തെക്ക് കിഴക്കൻ മേഖലയിലേക്ക് പേമാരിയെത്തുന്നതായുള്ള മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നൽകിയത്.
സുരക്ഷാ മുന്നറിയിപ്പിലെ ഏറ്റവും ഉയർന്ന ആംബർ അലർട്ടാണ് കാറ്റലോണിയയിലെ തറഗോണ പ്രവിശ്യയിലും ആൻഡലൂസിയയിലെ മലാഗയിലും നൽകിയിട്ടുള്ളത്.രണ്ട് ആഴ്ച മുൻപ് വലൻസിയയിൽ രൂക്ഷമായി വലച്ച പേമാരിയുടെ മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന് പിഴച്ചിരുന്നു. ഇതിന്റെ പേരിൽ പ്രളയ ബാധിത മേഖല സന്ദർശിക്കാനെത്തിയ രാജാവിനെതിരെ ചെളിയേറ് വരെ നടന്ന പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള മുൻ കരുതലുകളാണ് നിലവിൽ സ്പെയിനിൽ സ്വീകരിച്ചിട്ടുള്ളത്.
അഴുക്കുചാലുകളിലും മറ്റും വലിയ രീതിയിൽ ചെളിയും മറ്റും നിറഞ്ഞതിനാൽ നേരത്തെയുണ്ടായതിനേക്കാൾ ശക്തമായ പ്രളയമാണ് വരാൻ പോകുന്നതെന്നും മുന്നറിയിപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ആൻഡലൂസിയയിലെ സർക്കാർ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. ഗ്വാഡൽഹോർസ് നദിയുടെ പരിസരത്ത് നിന്ന് മൂവായിരത്തിലേറെ ആളുകളെയാണ് ഒഴിപ്പിച്ചിട്ടുള്ളത്. ഹൈ സ്പീഡ് റെയിൽ സർവ്വീസുകളും നിർത്തിവച്ചിരിക്കുകയാണ്. മലാഗ വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളും, മെട്രോ സർവ്വീസുകളും നിർത്തി വച്ചിരിക്കുകയാണ്.
ഒരു സ്ക്വയർ മീറ്ററിലേക്ക് 180 ലിറ്റർ ജലം വീഴാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് മുന്നോട്ട് വയ്‌ക്കുന്നത്. അഞ്ച് മണിക്കൂറിൽ മേഖലയിൽ വെള്ളം നിറയുമെന്നാണ് പ്രവചനം . അപകടം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: