Palakkad

കല്‍പ്പാത്തി രഥോത്സവം: ചെരുപ്പ് ധരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രഥംവലിച്ചു

Published by

പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഒന്നാംതേര്ദിനമായ ഇന്നലെ ചെരുപ്പ് ധരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രഥംവലിച്ചതില്‍ ഭക്തര്‍ക്ക് അമര്‍ഷം. വി. കെ ശ്രീകണ്ഠന്‍ എംപിയും, യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍മാങ്കുട്ടത്തില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ആചാരം ലംഘനം നടത്തിയത്. ചെരുപ്പിട്ട് രഥം വലിക്കരുതെന്ന് ഭക്തര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

പ്രധാനരഥത്തില്‍ വിശ്വനാഥസ്വാമി എഴുന്നെള്ളിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഭക്തജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ചെരിപ്പിട്ട് രഥം വലിച്ചത്. ഭക്തരുടെ വിശ്വാസത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത്. ഭക്തര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ചെരുപ്പ് അഴിച്ച് മാറ്റാനോ അവിടെ നിന്ന് മാറാനോ എംപിയും സ്ഥാനാര്‍ഥിയും കൂട്ടാക്കിയില്ല.

ആചാരം പാലിക്കാതെ പാദരക്ഷകള്‍ ധരിച്ച് രഥം വലിച്ച കോണ്‍ഗ്രസ് നേതാക്കളുടെ നടപടി അപലപനീയമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലും, വി.കെ. ശ്രീകണ്ഠനും വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെയും കല്പാത്തി രഥോത്സവ ചടങ്ങില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം രഥംവലിക്കുന്നതിലും സി. കൃഷ്ണകുമാര്‍ പങ്കെടുത്തു. കല്പാത്തി രഥോത്സവത്തില്‍ പങ്കെടുക്കുകയെന്നത് ജീവിതത്തിന്റെ ഭാഗമാണെന്നും, അതൊരിക്കലും മുടക്കാറില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നഗരസഭ കൗണ്‍സിലറായിരിക്കെ രഥോത്സവം സുഗമമായി നടത്തുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കിയിരുന്നു.
രഥോത്സവത്തോടനുബന്ധിച്ച് നടന്നുവരുന്ന സംഗീതോത്സവത്തിന് സ്ഥിരംവേദിയൊരുക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

ബിജെപി ദേശീയ വൈസ് പ്രസി: എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, നഗരസഭ അധ്യക്ഷപ്രമീള ശശിധരന്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ. സുധീര്‍, വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by