Kerala

കരാറുകാര്‍ക്ക് പണം നല്‍കുന്നില്ല; റേഷന്‍ വിതരണം മുടങ്ങും

Published by

കൊച്ചി: എന്‍എഫ്എസ്എ കരാറുകാര്‍ക്ക് കുടിശ്ശിക തുക നല്‍കാത്തതിനാല്‍ റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്. ധന വകുപ്പ് പണം അനുവദിക്കാത്തതിനാലാണ് സപ്ലൈകോ പണം നല്‍കാത്തത്. തുക അനുവദിച്ചില്ലെങ്കില്‍ കരാറുകാര്‍ റേഷന്‍ വിതരണത്തില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള തീരൂമാനത്തിലേക്ക്. ഇതോടെ ക്രിസ്തുമസ് നാളുകളില്‍ റേഷന്‍ വിതരണം സ്തംഭിക്കും. 2023 നവംബര്‍ മുതല്‍ 80 കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശിക ഇനത്തില്‍ നല്കാനുള്ളത്.

സപ്ലൈകോ കുടിശിക നല്കാനുള്ളപ്പോഴും തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ കരാറുകാര്‍ കൃത്യമായി വിഹിതം ഒടുക്കണം. മുടങ്ങിയാല്‍ പലിശ ഉള്‍പ്പെടെ നല്കുകയും വേണം. എങ്കില്‍ മാത്രമെ കുടിശിക ബില്‍ പാസാക്കൂ. ഒരു കരാറുകാരന്‍ മരിച്ചപ്പോള്‍ സപ്ലൈകോയില്‍ കരാര്‍ ഉറപ്പിക്കാന്‍ ഡിപ്പോസിറ്റ് ചെയ്ത 50 ലക്ഷം രൂപ തിരികെ നല്‍കിയില്ല. ഈ തുക ക്ഷേമനിധി കുടിശികയില്‍ വകയിരുത്തുകയായിരുന്നു. ഇതോടെ ലോറി ഡ്രൈവര്‍മാര്‍ക്ക് നല്കാനുള്ള ശമ്പളക്കുടിശിക നല്‍കാന്‍ വായ്പ എടുക്കേണ്ട അവസ്ഥ വരെ ഉണ്ടായി.

സപ്ലൈകോ കുടിശിക നല്കാനുള്ളപ്പോഴും ക്ഷേമനിധി ബോര്‍ഡില്‍ കൃത്യമായി തുക ഒടുക്കിയില്ലെങ്കില്‍ റവന്യൂ റിക്കവറി വരെ കരാറുകാര്‍ നേരിടേണ്ടി വരുന്നുണ്ട്. കരാറുകാരുടെ സംഘടനകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും കുടിശിക എന്ന് നല്‍കുമെന്ന് ഒരു ഉറപ്പും നല്‍കിയില്ലെന്ന് കേരള ട്രാന്‍പോര്‍ട്ടിങ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തമ്പി മേട്ടുത്തറ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക