India

ഝാര്‍ഖണ്ഡില്‍ പോളിങ് 64.86 ശതമാനം; ആദ്യ ഘട്ടത്തില്‍ മികച്ച പോളിങ്

Published by

ന്യൂദല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മികച്ച പോളിങ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം 64.86% പോളിങ് രേഖപ്പെടുത്തി. 15 ജില്ലകളിലെ 43 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. എല്ലാ ജില്ലകളിലും 60 ശതമാനത്തിന് മുകളിലാണ് പോളിങ്.

സംസ്ഥാനത്തെ നക്സല്‍ ബാധിത മേഖലകളിലും വനവാസി മേഖലകളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. നക്സല്‍ ശക്തികേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന ഗര്‍വാ ജില്ലയിലെ ബുധ പഹാദ് പ്രദേശത്ത് വലിയ ക്യൂവാണ് പോളിങ്ങിനുണ്ടായിരുന്നത്. വനവാസി വോട്ടര്‍മാര്‍ കൂട്ടത്തോടെയെത്തി വോട്ട് രേഖപ്പെടുത്തുന്നതും കാണാമായിരുന്നു. പോത്ക മണ്ഡലത്തില്‍ 100 % വനവാസി വോട്ടര്‍മാരുള്ള ലഖൈദിഹ് ഗ്രാമത്തിലെ മുഴുവന്‍ പേരും ഇതാദ്യമായി സ്വന്തം ഗ്രാമത്തിലെ പോളിങ് സ്റ്റേഷനില്‍ തന്നെ വോട്ട് ചെയ്തു.

സംസ്ഥാനത്താകെ 15,344 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. 1.37 കോടി വോട്ടര്‍മാരാണ് ഇന്നലെ വോട്ടകാശം വിനിയോഗിക്കാനുണ്ടായിരുന്നത്. ഇതില്‍ 68.73 ലക്ഷം പുരുഷന്മാരും 68.36 ലക്ഷം സ്ത്രീകളും 303 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 73 വനിതകള്‍ ഉള്‍പ്പെടെ 683 പേരാണ് ഇന്നലെ ജനവിധി തേടിയത്. മുന്‍ മുഖ്യമന്ത്രി ചമ്പായി സോറന്‍, മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ, മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ മരുമകള്‍ പൂര്‍ണിമ ദാസ് സാഹു എന്നിവര്‍ ഇന്നലെ ജനവിധി തേടിയ പ്രമുഖ ബിജെപി നേതാക്കളാണ്. 38 മണ്ഡലങ്ങളില്‍ നവംബര്‍ 20ന് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. 23നാണ് വോട്ടെണ്ണല്‍.

കേരളത്തിലെ വയനാട് ലോക്സഭ, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. രാജസ്ഥാനിലെ ഏഴ്, ബംഗാളിലെ ആറ്, ആസാമിലെ അഞ്ച്, ബിഹാറിലെ നാല്, കര്‍ണാടകയിലെ മൂന്ന്, മധ്യപ്രദേശിലെ രണ്ട്, ഛത്തീസ്ഗഡ്, ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by