World

20 വര്‍ഷത്തിനിടെ ബലാത്സംഗം ചെയ്തത് 200 സ്ത്രീകളെ; 43കാരനെ പരസ്യമായി തൂക്കിലേറ്റി ഇറാന്‍

Published by

ടെഹ്റാന്‍: രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഇറാനില്‍ 43കാരനെ പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്തിനെയാണ് തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിലാണ് വധശിക്ഷ നടപ്പാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ ഇരുനൂറോളം സ്ത്രീകളാണ് പരാതി നല്കിയത്. ജനുവരിയിലാണ് മുഹമ്മദ് അലി അറസ്റ്റിലായത്.

സ്ത്രീകളോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയോ ഡേറ്റില്‍ ഏല്‍പ്പെടുകയോ ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇതിന് ശേഷം ബലാത്സംഗം ചെയ്യും. ചില സ്ത്രീകള്‍ക്ക് ഇയാള്‍ ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയിരുന്നു. ഇരുപത് വര്‍ഷമായി ഇയാള്‍ ഇത് തുടര്‍ന്നുവരികയായിരുന്നു. ജനുവരിയിലാണ് മുഹമ്മദ് അലി അറസ്റ്റിലാകുന്നത്. അറസ്റ്റിനു പിന്നാലെ നൂറുകണക്കിന് ജനങ്ങൾ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചുകൂടി മുഹമ്മദ് അലിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

2005ല്‍ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 24 കാരനെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയിരുന്നു. 1997ല്‍ ടെഹ്‌റാനില്‍ ഒമ്പത് പെണ്‍കുട്ടികളേയും സ്ത്രീകളേയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 28കാരനെയും തൂക്കിലേറ്റിയിരുന്നു.ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. അതിനിടെ ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by