Kerala

എരുമേലിയില്‍ ഭവനനിര്‍മാണ ബോര്‍ഡിന്റെ സ്ഥലത്ത് പാര്‍ക്കിങ് സജ്ജമാക്കും

Published by

തിരുവനന്തപുരം: മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് എരുമേലിയില്‍ ഭവനനിര്‍മാണ ബോര്‍ഡിന്റെ സ്ഥലത്ത് പാര്‍ക്കിങ് സജ്ജമാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

പമ്പയില്‍ ഒരേസമയം 6,000 പേര്‍ക്ക് വരിനില്‍ക്കാനാവുന്ന ഒന്‍പത് നടപന്തലുകള്‍ ക്രമീകരിച്ചു. പമ്പയില്‍ വനിതാ ഫെസിലിറ്റേഷന്‍ സെന്ററില്‍ 50 വനിതകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നിലയ്‌ക്കലില്‍ 1045, പമ്പയില്‍ 580, സന്നിധാനത്ത് 1005 ടോയ്‌ലറ്റുകള്‍ ഒരുക്കി. ശബരി ഗസ്റ്റ് ഹൗസും സന്നിധാനത്തെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും പമ്പയിലെ ഗസ്റ്റ് ഹൗസും പൂര്‍ണമായും നവീകരിച്ചു.

ശരംകുത്തിയിലെ ബോയിലറിന്റെ ഉത്പാദനശേഷി മണിക്കൂറില്‍ 10,000 ലിറ്ററാക്കി. പമ്പയില്‍ 3,000 സ്റ്റീല്‍ ബോട്ടിലുകളില്‍ വെള്ളം നിറച്ച് ഭക്തര്‍ക്ക് നല്കും. മലയിറങ്ങുമ്പോള്‍ ബോട്ടില്‍ തിരികെ നല്കണം. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സുമായി ചേര്‍ന്ന് അഞ്ചുലക്ഷത്തിന്റെ അപകട ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകള്‍ക്ക് പ്രയോജനം
ലഭിക്കും.

തീര്‍ത്ഥാടനത്തിനിടെ മരിക്കുന്ന ഭക്തരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേരളത്തിനകത്ത് 30,000 രൂപ വരെയും പുറത്ത് ഒരു ലക്ഷം വരെയും ലഭിക്കും. പമ്പയിലും അപ്പാച്ചിമേട്ടിലും സന്നിധാനത്തും ആരോഗ്യവകുപ്പ് മികച്ച സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാര്‍ഡിയോളജി ഡോക്ടര്‍മാരടക്കം മെഡിക്കല്‍ സംഘത്തേയും സജ്ജമാക്കും.

ശബരിമല പതിനെട്ടാം പടിക്കു മുകളില്‍ കയറുമ്പോള്‍ ഭക്തര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ വരെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാന്‍ തന്ത്രിയുടെ നിര്‍ദേശ പ്രകാരം മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പതിനെട്ടാം പടി കയറുന്നതു മുതല്‍ മാളികപ്പുറം ക്ഷേത്ര ദര്‍ശനത്തിനു ശേഷം പുറത്തിറങ്ങുന്നതു വരെയാണ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടത്. വാര്‍ത്തസമ്മേളനത്തില്‍ അംഗങ്ങളായ എ. അജികുമാര്‍, ജി.സുന്ദരേശന്‍ എന്നിവരും പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക