പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പ്രൈമറി വിദ്യാഭ്യാസ കമ്മിഷന് ചെയര്‍മാനുമായിരുന്ന ഡോക്ടര്‍ കോത്താരി തന്റെ റിപ്പോര്‍ട്ട് ആരംഭിച്ചതുതന്നെ ”ഭാരതത്തിന്റെ ഭാവി ഭാഗധേയം രൂപപ്പെടുന്നത് ഇവിടുത്തെ ക്ലാസ് മുറികളിലാണ്” എന്നു കുറിച്ചുകൊണ്ടാണ്. കുട്ടികളെ രാഷ്ട്രത്തിന്റെ പൊതുസ്വത്തായി കാണുകയും കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന നിക്ഷേപം ഭാവിയിലേക്കുള്ള കരുതിവയ്പായി കണക്കാക്കുകയും ചെയ്യേണ്ടതാണ്. ഇതു മനസ്സില്‍ വച്ചുകൊണ്ടാണ് ഭാരതത്തില്‍ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ രൂപപ്പെടുത്തിയത്.
ആദ്യകാലങ്ങളില്‍ ഔദാര്യമോ പാരിതോഷികമോ ആയി കുട്ടികള്‍ക്കു ലഭിച്ചിരുന്ന സൗകര്യങ്ങള്‍ ഇന്ന് നിയമങ്ങളും ചട്ടങ്ങളും മുഖേന അവകാശമായി മാറിക്കഴിഞ്ഞു. 1989 ല്‍ ഐക്യരാഷ്ട്രസഭ പാസാക്കിയ ”ബാലാവകാശ ഉടമ്പടി” മിക്ക ലോക രാഷ്ട്രങ്ങളും അംഗീകരിച്ചതോടെ ലോകത്താകമാനം കുട്ടികള്‍ക്ക് ”സംരക്ഷണം, അതിജീവനം, വികസനം പങ്കാളിത്തം” എന്നീ നാലു തരത്തിലുള്ള അവകാശങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമായി.
1992 ല്‍ ഭാരതവും ഈ ഉടമ്പടിയില്‍ ഒപ്പുവച്ചതോടെ കുട്ടികളുടെ അവകാശ സംരക്ഷണം സര്‍ക്കാരിന്റെ ചുമതല ആയി. നമ്മുടെ ഭരണഘടനയിലെ 14, 15 (3) 19, 21, 23, 24, 45 എന്നീ ആര്‍ട്ടിക്കിള്‍സ് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി എഴുതിച്ചേര്‍ക്കപ്പെട്ടവയാണ്. 1956 ലെ ഹിന്ദു ദത്തെടുക്കല്‍ നിയമം, 1995 ലെ എല്ലാവര്ക്കും തുല്യ അവകാശത്തിനു
ള്ള നിയമം, 2000 ലെ ബാലനീതി നിയമം, 2005 ലെ ബാലാവകാശ കമ്മിഷന് രൂപീകരണത്തിനുള്ള നിയമം, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം, 2009 ലെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമം, 2012 ലെ, ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കല്‍ നിയമം, 2015 ലെ ബാലാവകാശ സംരക്ഷണവും സുരക്ഷയും സംബന്ധിച്ച നിയമം തുടങ്ങിയവ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ഭാരത സര്‍ക്കാര്‍ നടപ്പാക്കിയ നിയമങ്ങളിലെ നാഴികക്കല്ലുകളാണ്. ഇത്രയധികം നിയമനിര്‍മാണങ്ങള്‍, പ്രത്യേകിച്ച് 2012 ലെ പോക്സോ ആക്ട് പോലെയുള്ളവ നടപ്പാക്കിയ മറ്റൊരു രാഷ്ട്രവും ഇല്ല. എന്നാല്‍ ഇവ ഫലപ്രദമായും ശക്തമായും നടപ്പാക്കിക്കൊണ്ടുള്ള സേവനങ്ങള്‍ കുട്ടികളിലേക്കു പൂര്‍ണ്ണമായും എത്തിച്ചേരുന്നില്ല എന്നത് ഖേദകരമാണ്.
കുട്ടികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ പറ്റിയോ സംവിധാനങ്ങളെ പറ്റിയോ നിയമങ്ങളെ പറ്റിയോ പൊതുജനത്തിനുള്ള അജ്ഞതയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ മേഖലയിലെ വിദഗ്ദ്ധരും സാമൂഹ്യപ്രവര്‍ത്തകരും മാധ്യമങ്ങളും ഒത്തുചേര്‍ന്നുള്ള സമഗ്രമായ ബോധവല്‍ക്കരണ പരിപാടികളിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ. കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നുള്ള തിരിച്ചറിവാണ് 2000 ല്‍ നടപ്പാക്കിയ ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ആവിര്‍ഭാവത്തിനു നിദാനം. ഇതിന്‍പ്രകാരം 18 വയസ്സില്‍ താഴെയുള്ള ഓരോ പൗരനും ‘കുട്ടി’യുടെ നിര്‍വ്വചനത്തില്‍ വരികയും ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തിട്ടുണ്ട്.
1. കുറ്റാരോപിതരായ കുട്ടികള്‍
ഇവരെ മുതിര്‍ന്നവര്‍ക്കുള്ള ക്രിമിനല്‍ നടപടികളില്‍ നിന്നു പൂര്‍ണ്ണമായി മോചിപ്പിച്ചുകൊണ്ട് അവര്‍ക്കു പ്രത്യേക തിരുത്തല്‍ പ്രക്രിയ ഏര്‍പ്പെടുത്തുന്നതിനുള്ള ‘കുട്ടികളുടെ കോടതി’ (ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്) നിലവില്‍ വന്നത് ഈ നിയമപ്രകാരമാണ്. അതതു ജില്ലയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ചെയര്‍മാനും രണ്ടു സാമൂഹ്യപ്രവര്‍ത്തകര്‍ അംഗങ്ങളുമായ മൂന്നംഗ സമിതി ഇവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു.
2. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍
ഇവരുടെ എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുവാന്‍ അതതു ജില്ലകളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മാത്രമേ അധികാരമുള്ളൂ. ഒരു ചെയര്‍മാനും 4 അംഗങ്ങളും ഉള്‍പ്പെടുന്ന ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ അധികാരമുള്ള കമ്മിറ്റിയാണ് ഇത്.
3. സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്
കുറ്റാരോപിതരായവരും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരുമായ കുട്ടികളെ സൗമനസ്യത്തോടെ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം സിദ്ധിച്ച പോലീസുകാര്‍ക്കു മാത്രമേ ഇടപെടാന്‍ കഴിയൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ശ്രദ്ധയും പരിചരണവും ലഭ്യമാകുന്നത് ആര്‍ക്കൊക്കെ?
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍, വീടു നഷ്ടപ്പെട്ടവര്‍, വീട്ടില്‍നിന്ന് ഒളിച്ചോടിയവര്‍, പുറത്താക്കപ്പെട്ടവര്‍, അവഗണന നേരിടുന്നവര്‍, ശാരീരിക, മാനസിക, ലൈംഗിക പീഡനത്തിനു വിധേയരാവുന്നവര്‍, ഭിക്ഷ എടുക്കുന്ന കുട്ടികള്‍, ബാലവേലയില്‍ ഏര്‍പ്പെടുന്നവര്‍, അവശതയുള്ള കുട്ടികള്‍, എച്ച്ഐവി, എയിഡ്സ് തുടങ്ങിയ രോഗങ്ങള്‍ക്ക് അടിപ്പെട്ട കുട്ടികള്‍, സംരക്ഷിക്കാന്‍ നിവര്‍ത്തിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ തുടങ്ങി ഏതുപ്രകാരത്തിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന 18 വയസ്സില്‍ താഴെയുള്ള എല്ലാവര്ക്കും സംരക്ഷണത്തിന് അവകാശമുണ്ട്.
നിലവിലുള്ള സംവിധാനങ്ങള്‍
ചൈല്‍ഡ് ലൈന്‍, ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബാലസദനങ്ങള്‍, ഫോസ്റ്റര്‍ കെയര്‍, സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയവ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളാണ്.
കുട്ടികള്‍ക്കുവേണ്ടി സര്‍ക്കാര്‍ നിയമപരമായി നടപ്പാക്കുന്ന സേവനങ്ങള്‍ കുട്ടികളിലെത്തിച്ച് നമ്മുടെ നാട്ടിലെ അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും സുരക്ഷയും സംരക്ഷണവും പരിചരണവും മികച്ച വിദ്യാഭ്യാസവും പങ്കാളിത്തവും ലഭ്യമാക്കേണ്ട ചുമതല ഓരോ പൗരനും ഉണ്ട്.
(ദേശീയ അദ്ധ്യാപക അവാര്‍ഡു ജേതാവും ഏഴ് വര്‍ഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: