ബ്രിഡ്ജ്ടൗണ്‍: ബാര്‍ബഡോസ് കടല്‍ത്തീരത്ത് മകനോടൊപ്പം കളിക്കുമ്പോള്‍ തിരയെടുത്തുപോയ ആ പഴയ മോതിരം നാല്പത്തേഴ് കൊല്ലത്തിനിപ്പുറം പെരിഗോയെ തേടിയെത്തി.
1977ല്‍ കടലില്‍ നഷ്ടപ്പെട്ട സ്വര്‍ണമോതിരമാണ് ബാര്‍ബഡോസ് സമുദ്രത്തില്‍ നിന്ന് മുങ്ങല്‍ വിദഗ്ധനായ അലക്‌സ് ഡേവിസ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് കണ്ടെത്തി ഉടമ മോര്‍ഗന്‍ പെരിഗോയ്‌ക്ക് കൈമാറിയത്.
ബാര്‍ബഡോസിലേക്കുള്ള ഒരു കുടുംബ യാത്രയ്‌ക്കിടെയാണ് മോര്‍ഗന്‍ പെരിഗോയുടെ സ്വര്‍ണ മോതിരം നഷ്ടമായത്. 1977ലാണ് ഫ്രെഡറിക് മോര്‍ഗന്‍ പെരിഗോ ഭാര്യയ്‌ക്കും ചെറിയ ആണ്‍മക്കള്‍ക്കും ഒപ്പം ബാര്‍ബഡോസിലേക്ക് യാത്ര ചെയ്തത്. 1965ല്‍ കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയപ്പോള്‍ സമ്മാനമായി പെരിഗോയ്‌ക്ക് ലഭിച്ചതാണ് മോതിരം.
അണ്ടര്‍വാട്ടര്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് അലക്‌സ് ഡേവിസ് മോതിരം കണ്ടെത്തിയത്. മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയെന്ന പേര്, ലോഗോ, 1965, എഫ്എംപി എന്ന ഇനീഷ്യലുകള്‍ ആലേഖനം ചെയ്തിരുന്നു. തുടര്‍ന്ന് അലക്‌സ് ഡേവിസ് മക്മാസ്റ്റര്‍ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ടു.
യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളുടെ കോഓര്‍ഡിനേറ്റര്‍ കാരെന്‍ മക്വിഗ്ഗിന് വിവരം നല്കി. അങ്ങനെയാണ് ഫ്രെഡറിക് മോര്‍ഗന്‍ പെരിഗോയെ തേടി പഴയ മോതിരം വീണ്ടും എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക