ഭുവനേശ്വര്‍: ഒഡീഷയില്‍ വനഭൂമി കൈയേറി ഇസ്ലാംനഗര്‍ സ്ഥാപിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലാണ് 100 ഏക്കറോളം വനം കൈയേറിയത്. ഓര്‍ഗനൈസറില്‍ ലാന്‍ഡ് ജിഹാദ് എന്ന തലക്കെട്ടോടെ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണല്‍ കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡിഎഫ്ഒയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മല്‍ക്കന്‍ഗിരി കളക്ടര്‍ ആശിഷ് ഈശ്വര്‍ പാട്ടീല്‍ പറഞ്ഞു. ഡിസംബര്‍ മൂന്നിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. ദേശീയ പാത 326ന് സമീപമുള്ള വനഭൂമിയിലാണ് ഇസ്ലാംനഗര്‍ നിര്‍മിച്ചിരിക്കുന്നത്. ഇവിടേക്ക് അനധികൃത റോഡ് നിര്‍മാണത്തിന് തൊഴിലുറപ്പ് പദ്ധതി പോലുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികളാണ് ഉപയോഗിച്ചത്.
ഒന്‍പത് ലക്ഷത്തോളും രൂപയാണ് നവീന്‍ പട്‌നായിക്കിന്റെ കാലത്ത് ഇതിനായി അനുവദിച്ചത്. 1980ലെ വനസംരക്ഷണ നിയമവും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമവും ലംഘിച്ചാണ് ഇവിടെ വലിയ കുളം, വെയര്‍ഹൗസുകള്‍ എന്നിവ നിര്‍മിക്കുകയും ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നത്.
ഹരിത ട്രൈബ്യൂണല്‍ സ്വമേധയയാണ് കേസെടുത്തിരിക്കുന്നത്. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് അരുണ്‍ കുമാര്‍ ത്യാഗി, വിദഗ്ധ അംഗം ഡോ. എ. സെന്തില്‍ വെല്‍ എന്നിവരാണ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനും മല്‍ക്കന്‍ഗിരി കളക്ടര്‍ക്കും നോട്ടീസ് നല്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക