India

ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് പുത്തന്‍ കരുത്തായി എല്‍ആര്‍എല്‍എസി മിസൈല്‍

Published by

ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് പുത്തന്‍ കരുത്തായി എല്‍ആര്‍എല്‍എസി മിസൈല്‍. ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ (എല്‍ആര്‍എല്‍എസിഎം) പരീക്ഷണ വിക്ഷേപണം ഒഡിഷ തീരത്ത് വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ ചൊവ്വാഴ്ചയായിരുന്നു വിക്ഷേപണം. മൊബൈല്‍ ആര്‍ട്ടിക്കുലേറ്റഡ് ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്.

പരീക്ഷണം വിജയമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതീക്ഷിച്ചപോലെ എല്ലാ ഉപസംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചു. പ്രാഥമിക ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റി. ഗതിനിയന്ത്രണ സംവിധാനത്തിന്റെ സഹായത്തോടെ മിസൈല്‍ അതിന്റെ പാതയില്‍ തുടര്‍ന്നു. വ്യത്യസ്ത ഉയരത്തിലും വേഗതയിലും മിസൈല്‍ ലക്ഷ്യം കൈവരിച്ചു, മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

റഡാര്‍, ഇലക്ട്രോഒപ്റ്റിക്കല്‍ ട്രാക്കിങ് സിസ്റ്റം, ടെലിമെട്രി തുടങ്ങി വിവിധ റേഞ്ച് സെന്‍സറുകളിലൂടെ മിസൈലിന്റെ പ്രകടനം

നിരീക്ഷിച്ചു. വിപുലവും അത്യാധുനികവുമായ ഏവിയോണിക്‌സും സോഫ്റ്റ്‌വെയറുകളുമാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്ത വേഗതയിലും ഉയരങ്ങളിലും സഞ്ചരിക്കുമ്പോഴുള്ള മിസൈലിന്റെ പ്രവര്‍ത്തനക്ഷമത അളന്നതായി ഡിആര്‍ഡിഒയും വ്യക്തമാക്കി.

ഡിആര്‍ഡിഒയുടെ സഹകരണത്തോടെ ബെംഗളൂരുവിലെ എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് വികസിപ്പിച്ച മിസൈലാണ് എല്‍ആര്‍എല്‍എസി. ഹൈദരാബാദിലെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്, ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് എന്നിവയയും മിസൈല്‍ നിര്‍മാണത്തില്‍ പങ്കാളികളായി. വിവിധയിടങ്ങളിലെ ഡിആര്‍ഡിഒ ലബോറട്ടറികളില്‍ നിന്നുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞരും മറ്റ് പ്രതിനിധികളും മിസൈല്‍ നിര്‍മാണ സമയത്ത് വിശദമായ പരിശോധനകള്‍ നടത്തി.

ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിക്കാന്‍ കെല്‍പ്പുള്ളവയാണ് എല്‍ആര്‍എല്‍എസി മിസൈല്‍. ലക്ഷ്യസ്ഥാനത്തിന്റെ കിലോമീറ്ററുകള്‍ ദൂരത്തുനിന്ന് മിസൈല്‍ വിക്ഷേപിക്കാന്‍ കഴിയും. മിസൈലുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണങ്ങള്‍ക്ക് എല്‍ആര്‍എല്‍എസി മിസൈലുകളെ അത്രവേഗം കണ്ടെത്താനും അതുകൊണ്ട് തന്നെ നിര്‍വീര്യമാക്കാനും കഴിയില്ല.

പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡിആര്‍ഡിഒയെയും സൈന്യത്തെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ഭാവിയില്‍ തദ്ദേശീയമായി ക്രൂയിസ് മിസൈലുകള്‍ വികസിപ്പിക്കുന്നതിന് എല്‍ആര്‍എല്‍എസി മിസൈലുകള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by