Kerala

രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 13 മുതല്‍ 20 വരെ, വനിതകളുടെ സിനിമകളുടെ പ്രത്യേക പാക്കേജും ഉള്‍പ്പെടുത്തി

Published by

തിരുവനന്തപുരം: ഇരുപത്തിയൊന്‍പതാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 13 മുതല്‍ 20 വരെ നടക്കും. പതിനഞ്ച് തിയേറ്ററുകളിലായാണ് മേള. മേളയുടെ സംഘാടകസമിതി രൂപീകരിച്ചു. ഇരുപത്തിയൊന്‍പതാമത് ഐ എഫ് എഫ് കെ ലോഗോ മന്ത്രി സജി ചെറിയാന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.

ഇത്തവണ മറ്റു പാക്കേജുകളോടൊപ്പം വനിതകളുടെ സിനിമകളുടെ പ്രത്യേക പാക്കേജും ഉള്‍പ്പെടുത്തും. മേളയില്‍ നാല് വനിതാ സംവിധായകരുടെയും എട്ട് നവാഗത സംവിധായകരുടെയും ചിത്രങ്ങളുണ്ട്.

മുന്‍ വര്‍ഷത്തെ പോലെ ഡെലിഗേറ്റുകള്‍ക്ക് റിസര്‍വേഷന്‍ സൗകര്യമുണ്ടായിരിക്കും. ആകെ സീറ്റിന്റെ 60 ശതമാനമാകും റിസര്‍വ്ഡ് പാസുകള്‍. 180 സിനിമകളാണ് ഇത്തവണത്തെ മേളയുടെ ഹൈലൈറ്റ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷാധികാരി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫെസ്റ്റിവല്‍ പ്രസിഡന്റ്. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ചീഫ് കോഡിനേറ്ററായും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ കോര്‍ഡിനേറ്ററായുമുള്ള സംഘാടകസമിതിക്കാണ് രൂപം നല്‍കിയത്.

ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലമാണ്. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 20 മുതല്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 590രൂപയും പൊതുവിഭാഗത്തിന് ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപയുമാണ്. ഭിന്നശേഷിക്കാര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കുന്നതിനായി റാമ്പ്, വീല്‍ചെയര്‍ സൗകര്യം ഒരുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക