തിരുവനന്തപുരം: കേരളത്തിന്റെ തീരക്കടലില്‍ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കുന്നതിനായി കൃത്രിമപ്പാരുകള്‍ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിച്ചു. വിഴിഞ്ഞം നോര്‍ത്ത് ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ സില്‍വര്‍ പൊമ്പാനോ ഇനത്തില്‍ പെട്ട 22,000 മത്സ്യകുഞ്ഞുങ്ങളെയാണ് കടലില്‍ നിക്ഷേപിച്ചത്. കേന്ദ്ര ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും ഫിഷറീസ് മേഖലയുടെ മുന്നേറ്റത്തിന് ഇത് കാരണമായെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കൃത്രിമപ്പാരുകളുടെ കാര്യത്തില്‍ സംസ്ഥാനം ഏറെ മുന്നേറിയിട്ടുണ്ട്. എല്ലാ ഫിഷിങ് ബോട്ടുകളിലും ട്രാന്‍സ്‌പോണ്ടറുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. 60% ചെലവ് കേന്ദ്രവും 40% സംസ്ഥാനവും വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒന്‍പത് തീരദേശ ജില്ലകളിലും തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലില്‍ 42 സ്ഥലങ്ങളിലായി 6,300 കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യഥാക്രമം 60 : 40 അനുപാതത്തില്‍ ആകെ 13.02 കോടി രൂപയുടെ ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കി. അതനുസരിച്ച് 6,300 കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുകയും ചെയ്തു.
പാരുകളില്‍ കൂടുതല്‍ മത്സ്യലഭ്യത ഉറപ്പാക്കുന്നതിനും ജില്ലയിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് വര്‍ധിച്ച തോതില്‍ മത്സ്യം ലഭിക്കുന്നതിനും അനുയോജ്യമായ മത്സ്യ വിത്ത് നിക്ഷേപം നടത്തുകയാണ് സീ റാഞ്ചിംഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്‍എഫ്ഡിബി മുഖാന്തരം മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക