ഇരിങ്ങാലക്കുട: ശബരിമലയ്‌ക്ക് പോകുവാന്‍ മാലയിട്ട വിദ്യാര്‍ഥികളും യൂണിഫോം ധരിച്ച് വരണമെന്ന പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തി രക്ഷിതാവ്.
കുറ്റിച്ചിറ ചായ്‌പ്പന്‍കുഴി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികളോട് ശബരിമലയ്‌ക്ക് പോകാന്‍ മാലയിട്ടവര്‍ ഉള്‍പ്പെടെ എല്ലാവരും നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്ന് അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡിസ്ട്രിക്ട് ഇ ഡി എല്‍ ഓഫീസര്‍ക്ക് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് വിളിച്ച് പരാതി നല്‍കിയിരുന്നു.പരാതിയെ തുടര്‍ന്ന് ഇഡിഎല്‍ ടി ഷൈല പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ട് സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി ശബരിമലയ്‌ക്ക് നോമ്പെടുത്ത് മാലയിട്ട കുട്ടികളും യൂണിഫോം ധരിക്കണമെന്ന പ്രിന്‍സിപ്പലിന്റെ ഉത്തരവ് പിന്‍വലിപ്പിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിഷയത്തില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയ മറ്റൊരു രക്ഷിതാവ് ആത്മഹത്യാശ്രമം നടത്തി. ഇദ്ദേഹത്തോടൊപ്പം ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു.
ഇഡിഎല്‍ ഓഫീസര്‍ ടി. ഷൈലയോട് പരാതി ബോധിപ്പിക്കുന്നതിനിടെ രക്ഷിതാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലവഴി ഒഴിക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാള്‍ കൈവശം വച്ചിരുന്ന ലൈറ്റര്‍ ഭാര്യയുടെ സഹായത്തോടെ ഓഫീസര്‍ പുറത്തേക്ക് എറിഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു.സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.സംഭവത്തെ തുടര്‍ന്ന് ടി ഷൈല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക