Kerala

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കെട്ടിട സെസ് പിരിവ് തകൃതി; പെന്‍ഷന്‍ മുടങ്ങിയിട്ട് 15 മാസം

Published by

കണ്ണൂര്‍: തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കെട്ടിട സെസ് പിരിവ് തകൃതിയില്‍ നടക്കുമ്പോഴും നിര്‍മാണ തൊഴിലാളികളുടെ പെന്‍ഷന്‍ വിതരണം അവതാളത്തില്‍. ക്ഷേമനിധിയിലേക്കെന്ന പേരില്‍ നിര്‍മാതാക്കളില്‍നിന്ന് തൊഴില്‍ വകുപ്പ് സെസ് പിരിവ് ഊര്‍ജിതമാക്കുമ്പോഴും തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കിട്ടാതായിട്ട് 15 മാസം പിന്നിട്ടു. അഞ്ചും പത്തും വര്‍ഷം മുമ്പ് വീടെടുത്തവരില്‍നിന്നും മറ്റ് കെട്ടിടങ്ങള്‍ നിര്‍മിച്ചവരില്‍ നിന്നുമാണ് ആയിരക്കണക്കിന് രൂപ സെസെന്ന പേരില്‍ പിരിക്കുന്നത്. സ്‌ക്വയര്‍ ഫീറ്റ് കണക്കാക്കി ആയിരക്കണക്കിന് രൂപയാണ് പിരിച്ചെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷക്കണക്കിന് രൂപ വായ്പ വാങ്ങി വീടെടുത്തവര്‍ പതിനായിരവും ഇരുപതിനായിരവും രൂപ സെസ് അടയ്‌ക്കണമെന്ന് കത്ത് മുഖേന ലേബര്‍ വകുപ്പ് അറിയിക്കുമ്പോഴാണ് പണപ്പിരിവിനെ കുറിച്ച് അറിയുന്നത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ ജപ്തി നടപടിക്ക് നോട്ടീസ് ലഭിക്കും. റവന്യൂ റിക്കവറി ഭയന്ന് പലരും പണം ഉണ്ടാക്കാനുളള നെട്ടോട്ടത്തിലാണ്.

1600 രൂപയാണ് പെന്‍ഷനായി ലഭിക്കേണ്ടത്. 1987 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് നേരിട്ട് സ്വീകരിച്ച സെസ് പിന്നീട് ലേബര്‍ വകുപ്പ് പിരിച്ചെടുക്കാന്‍ തുടങ്ങുകയായിരുന്നു. ഇതിനുശേഷം പിരിച്ച പണം എങ്ങോട്ട് പോയെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. 2024 ഏപ്രില്‍ മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളുടെ സെസ് പിരിവ് വീണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരുന്നു. കെട്ടിട നമ്പര്‍ ലഭിക്കണമെങ്കില്‍ സെസ് അടയ്‌ക്കണം. 2024ന് മുമ്പ് നിര്‍മിച്ച കെട്ടിടങ്ങളുടെ സെസാണ് തൊഴില്‍വകുപ്പ് പിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് അനുമതി നല്‍കിയ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിലെ അളവും ഒറ്റത്തവണ നികുതിയടക്കാന്‍ റവന്യൂ വകുപ്പ് പരിശോധിച്ച് നല്‍കിയ അളവും തമ്മില്‍ പല കെട്ടിടങ്ങളുടെ കാര്യത്തിലും വലിയ വ്യത്യാസം കാണിക്കുന്നത് കാരണം പല കെട്ടിട ഉടമകള്‍ക്കും അമിത സെസ് അടയ്‌ക്കേണ്ട സ്ഥിതിയുമുണ്ട്.

സെസിന് പുറമേ 1250 രൂപയോളം ലേബര്‍ രജിസ്‌ട്രേഷന്‍ ഫീ എന്ന പേരിലും സര്‍വീസ് ചാര്‍ജായി 125 രൂപയും ലേബറോഫീസുകളില്‍ അടയ്‌ക്കണമെന്നാണ് സെസടയ്‌ക്കാനായി നല്‍കിയ നോട്ടീസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ സാധാരണക്കാരന്‍ മിതമായ സൗകര്യങ്ങളോടെ 1100 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ച ഒറ്റ നില വീടിന് മാത്രം വര്‍ഷങ്ങള്‍ക്കിപ്പുറം 14000ത്തിലധികം തുക അടയ്‌ക്കേണ്ടി വരുന്ന സ്ഥിതിയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക