ഗുരുവായൂര്‍: കടബാധ്യത മൂലം വീടും സ്ഥലവും വില്ക്കാന് സാധിക്കാതെ രണ്ടു വര്‍ഷത്തോളമായി ബുദ്ധിമുട്ടുകയാണ് 45കാരിയായ ഷീജയും കുടുംബവും. എങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ കുണ്ടല്ലിയൂരില് താമസിക്കുന്ന പട്ടികജാതിയില്‍പ്പെട്ട ഷീജയ്ക്ക് 2010ല്‍ ആണ് ജനകീയാസൂത്രണത്തിന്റെ ഭാഗമായി മൂന്നു സെന്റ് ഭൂമിയും വീടു കെട്ടുന്നതിനുള്ള ധനസഹായമായി 1,75,000 രൂപയും പഞ്ചായത്ത് അനുവദിച്ചത്. എന്നാല്‍ ഈ തുക വീട് നിര്‍മാണത്തിനു തികയാതെ വന്നതിനാല്‍ ചാവക്കാട് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ആധാരം പണയം വെച്ച് 3 ലക്ഷം രൂപ വായ്പ കൂടി എടുത്തതാണ് ഇവരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയത്.
2015ല്‍ എടുത്ത ലോണ്‍ സംഖ്യയില്‍ രണ്ടു മൂന്നു ഗഡുക്കള്‍ മാത്രമേ ഷീജയ്ക്കും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് സെല്‍വരാജിനും തിരിച്ചടയ്ക്കാന്‍ സാധിച്ചുള്ളൂ. തിരിച്ചടവ് മുടങ്ങിയതിനാല്‍ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നുള്ള ബാങ്ക് നോട്ടീസ് രണ്ടു വര്‍ഷം മുമ്പ് ഇവര്‍ക്ക് കിട്ടി.
ജപ്തി ഒഴിവാക്കുന്നതിനാണ് വീടും സ്ഥലവും വില്ക്കാനൊരുങ്ങിയതെന്ന് ഈ കുടുംബം പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സഹായം കൈപ്പറ്റി വാങ്ങിയ വീടും സ്ഥലവും വില്ക്കണമെങ്കില് വാങ്ങിയ സംഖ്യയും അതിന്റെ പലിശയും ചേര്‍ത്ത് പഞ്ചായത്തില്‍ തിരിച്ചടയ്ക്കാതെ വില്പനാനുമതി നല്‍കില്ലെന്നാണ് അധികൃതര്‍ രേഖാമൂലം ഈ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. 2010 ല്‍ രജിസ്റ്റര്‍ ചെയ്ത പ്രമാണത്തില്‍ 12 വര്‍ഷത്തിനുള്ളിലുള്ള കൈമാറ്റത്തിനാണ് തദ്ദേശ വകുപ്പിന്റെ അനുമതി ആവശ്യമുള്ളത് എന്നിരിക്കെ മനപ്പൂര്‍വം തങ്ങളെ ദ്രോഹിക്കുകയാണെന്നാണ് ഈ കുടുംബത്തിന്റെ ആരോപണം.
സ്ഥലത്തിന്റെ നിയമപരമായ കൈമാറ്റം ഇതുവരെ സാധിച്ചില്ലെങ്കിലും വില്പന ഉറപ്പിച്ച പാര്‍ട്ടിക്ക് വീട് ഒഴിഞ്ഞു കൊടുത്ത് ഷീജയും കുടുംബവും വാടക വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ക്ക് കോളജ് വിദ്യാര്‍ത്ഥിയായ ഒരു മകളുമുണ്ട്. പുതിയ ഭേദഗതി ഉത്തരവ് അനുസരിച്ചും നീതി നടപ്പിലാക്കാന്‍ തയാറാകാത്ത അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ഈ കുടുംബം.
സര്‍ക്കാര്‍ സഹായ ഭൂമി വില്പന അനുവദനീയം
പുതുക്കിയ സര്‍ക്കുലര്‍ നമ്പര്‍ 1185/2024/LSGD ററേ 1/7/24 അനുബന്ധം 1 പ്രകാരം കൈമാറ്റ കാലാവധി 7 വര്‍ഷമാക്കി ചുരുക്കിയിട്ടുണ്ടെന്നു മാത്രമല്ല ഇങ്ങനെയുള്ള വില്പനയില് കൈപ്പറ്റിയ ധനസഹായം തിരിച്ചു നല്കണമെന്നുള്ള വ്യവസ്ഥയുമില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ വില്പനാനുമതി നിഷേധിച്ചുള്ള അധികൃതരുടെ ഉത്തരവ് റദ്ദു ചെയ്ത് കുടുംബത്തിന് അനുകൂല നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവര്‍ത്തകനായ പാലക്കാട് കഞ്ചിക്കോട് സ്വദേശി മനോഹര്‍ ഇരിങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കളക്ടര്ക്കുമയച്ച പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: