തിരുവനന്തപുരം: നഗരത്തില്‍ പ്ലംബിങ്, പെയിന്റിങ്, ഇലക്ട്രിക്കല്‍ കടകള്‍ക്ക് തീപിടിച്ചു. നന്തന്‍കോട് അനിഴം ട്രേഡേഴ്സ്, സമീപത്തെ ലക്ഷ്മി ഇലക്ട്രിക്കല്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് തീപിടിച്ചത്. അനിഴം ട്രേഡേഴ്സ് 75 ശതമാനത്തോളം കത്തിനശിച്ചു. ഒന്നേകാല്‍ കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. പ്ലാമൂട് സ്വദേശി വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള അനിഴം ട്രേഡേഴ്സിലാണ് ആദ്യം തീപടര്‍ന്നത്. കടയുടമയും രണ്ട് ജീവനക്കാരുമാണ് കടയിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വേഗം പുറത്തിറങ്ങി സമീപത്തെ പൈപ്പില്‍ നിന്നും വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപടര്‍ന്നു. അഞ്ചുനിലയോളം ഉയരത്തില്‍ തീപടര്‍ന്നു. പ്രദേശം മുഴുവന്‍ കറുത്ത പുകയും പരന്നു. രാജാജി നഗര്‍ യൂണിറ്റുകളിലെ നാല് അഗ്നിരക്ഷാ വാഹനങ്ങളും ചാക്കയില്‍ നിന്നും വാട്ടര്‍ ബ്രൗസറിലെ നാല്പതോളം അഗ്നിശമന സേനാംഗങ്ങളും രണ്ടരമണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. ഇതിനിടെ സമീപത്തെ ലക്ഷ്മി ഇലക്ട്രിക്കല്‍സിന്റെ മൂന്നാം നിലയിലേക്കും തീപടര്‍ന്നു. എന്നാല്‍ അഗിനിരക്ഷാസേന തീ അധികം പടരാതെ നിയന്ത്രണവിധേയമാക്കി.
തീ പിടിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്തെന്ന് വ്യക്തമല്ല. കടയുടെ പിന്നില്‍ ചപ്പുചവറുകര് കത്തിച്ചതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അനിഴം ട്രേഡേഴ്സില്‍ ഏകദേശം ഒരുകോടിയിലധികം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. ലക്ഷ്മി ഇലക്ട്രിക്കല്‍സില്‍ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാജാജി നഗര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ എം. ഷാഫി, സ്റ്റേഷന് ഓഫീസര്‍മാരായ നിധിന്‍രാജ്, ഷാജി, അരുണ്‍, അനീഷ് ജില്ലാ ഫയര്‍ ഓഫീസര്‍ സൂരജ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍റഷീദ്, ചാക്ക യൂണിറ്റിലെ രാജേഷ്, അരുണ്‍ മോഹന്‍, സുധീര്‍, ഷെറിന്, ശരത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
സംഭവത്തെ തുടര്‍ന്ന് നന്തന്‍കോട്-മ്യൂസിയം റോഡില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അനിഴം ട്രേഡേഴ്സില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലല്ലെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. ഇന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തും. അതിനുശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ കൃത്യമായ കണക്കും അറിയാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: