ന്യൂദൽഹി : ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും ധനസഹായവും നൽകിയെന്ന് സംശയിക്കുന്ന വ്യക്തികളുമായി ബന്ധമുള്ള ഒമ്പത് സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തി. അൽ-ഖ്വയ്ദയുടെ ഗൂഢാലോചനയുടെ ഭാഗമായി ചില ബംഗ്ലാദേശി പൗരന്മാർ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ ഏജൻസി വ്യാപകമായ തിരച്ചിൽ നടത്തിയത്.
പ്രധാനമായും ജമ്മു കശ്മീർ, കർണാടക, പശ്ചിമ ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന നടന്നത്. പരിശോധനയിൽ ബാങ്കിംഗ് ഇടപാടുകൾ കാണിക്കുന്ന കുറ്റകരമായ രേഖകൾ, മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ, തീവ്രവാദ ഫണ്ടിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് തെളിവുകൾ എന്നിവ വീണ്ടെടുക്കാൻ സാധിച്ചുവെന്ന് ഏജൻസി അധികൃതർ അറിയിച്ചു.
ബംഗ്ലാദേശ് ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ ശൃംഖലയുടെ അനുഭാവികളുടെ ഇടങ്ങളിലാണ് റെയ്ഡ് ചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. തീവ്രവാദ ഗൂഢാലോചനയുമായി ബന്ധപ്പെട്ട 2023-ൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിന്റെ ഭാഗമായിരുന്നു തിരച്ചിൽ. നേരത്തെ നാല് ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പ്രതികളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
അൽ-ഖ്വയ്ദ ഭീകരപ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനും ഇന്ത്യയിലെ യുവാക്കളെ തീവ്രവാദികളാക്കാനും ലക്ഷ്യമിട്ടായിരുന്നു പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നതെന്ന് എൻഐഎ പറഞ്ഞു. ഇവർക്കെതിരെ കഴിഞ്ഞ വർഷം നവംബറിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മൊഹമ്മദ് സോജിബ്മിയാൻ, മുന്ന ഖാലിദ് അൻസാരി എന്ന മുന്ന ഖാൻ, അസറുൽ ഇസ്ലാം എന്ന ജഹാംഗീർ അല്ലെങ്കിൽ ആകാശ് ഖാൻ, മൊമിനുൾ അൻസാരി എന്ന അബ്ദുൾ ലത്തീഫ്, ഇന്ത്യക്കാരനായ ഫരീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
എൻഐഎ നടത്തിയ അന്വേഷണത്തിൽ പ്രതികൾ തങ്ങളുടെ പ്രവർത്തനങ്ങൾ രഹസ്യമായി നടത്തുന്നതിന് വ്യാജരേഖകൾ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ ദുർബലരായ മുസ്ലീം യുവാക്കളെ സ്വാധീനിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിലും അവർ സജീവമായി ഏർപ്പെട്ടിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.
കൂടാതെ അൽ-ഖ്വയ്ദയുടെ അക്രമാസക്തമായ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുക, ഫണ്ട് ശേഖരിക്കുക, ഈ ഫണ്ടുകൾ അൽ-ഖ്വയ്ദയ്‌ക്ക് കൈമാറുക എന്നിവയും ഇവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നതായി ഏജൻസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: