ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിട്ടുനിന്നത് വിവാദമാകുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയെ എതിര്‍ത്ത പ്രശസ്ത ന്യായാധിപന്‍ ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ അനന്തരവന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്നതിലെ അനിഷ്ടം രാഹുല്‍ പ്രകടിപ്പിച്ചെന്നാണ് ആരോപണം. ഇന്ദിരക്കെതിരേ വിധി പറഞ്ഞതിന്റെ പേരില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെട്ട ജസ്റ്റിസ് എച്ച്.ആര്‍. ഖന്നയുടെ കുടുംബത്തോടുള്ള തീരാപ്പക നെഹ്റു കുടുംബം ഇപ്പോഴും കൊണ്ടുനടക്കുന്നെന്നാണ് രാഹുലിന്റെ നടപടി വ്യക്തമാക്കുന്നത്.
പൗരന്മാരെ അന്യായമായി തടങ്കില്‍വയ്‌ക്കുന്നതിനെതിരേ എഡിഎം ജബല്‍പൂര്‍-ശിവകാന്ത് ശുക്ല കേസില്‍ ഇന്ദിരാ സര്‍ക്കാരിന്റെ പേരില്‍ 1976ല്‍ ജസ്റ്റിസ് എച്ച്.ആര്‍. ഖന്ന സ്വീകരിച്ച നിലപാടാണ് ഇന്ദിരാ ഗാന്ധിയുടെ കോപത്തിനു കാരണമായത്. ജസ്റ്റിസ് ഭഗവതിയും വൈ.വി. ചന്ദ്രചൂഡും അടക്കം അഞ്ചംഗ ബെഞ്ചിലെ നാലുപേരും അടിയന്തരാവസ്ഥക്കാലത്തെ കേന്ദ്ര നടപടികളെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ഖന്ന പൗരാവകാശ ലംഘനത്തിനെതിരായ നിലപാട് സ്വീകരിച്ചു. ഇതോടെ 1977ല്‍ ചീഫ് ജസ്റ്റിസ് എ.എന്‍. റായ് വിരമിച്ചപ്പോള്‍ സീനിയറായ ജസ്റ്റിസ് ഖന്നയെ ഒഴിവാക്കി ജസ്റ്റിസ് എം.എച്ച്. ബേഗിനെ ചീഫ് ജസ്റ്റിസായി ഇന്ദിര നിയമിച്ചു. ബേഗിനു പിന്നാലെ വൈ.വി. ചന്ദ്രചൂഡും ചീഫ് ജസ്റ്റിസായി. ഒടുവില്‍ 47 വര്‍ഷത്തിനു ശേഷം അമ്മാവനെ ഒഴിവാക്കിയ പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയമിതനായി.
വയനാട് തെരഞ്ഞെടുപ്പു പ്രചാരണത്തിലാണ് രാഹുലെന്നാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണം. എന്നാല്‍ ഖന്ന കുടുംബത്തോടുള്ള അനിഷ്ടം തന്നെയാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അനൗദ്യോഗികമായി സമ്മതിക്കുന്നു. ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന ഔദ്യോഗിക പദവിയിലിരിക്കുന്ന രാഹുല്‍ ഭരണഘടനാപരമായ ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പതിവാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: