തൃശൂര്‍: ചാവക്കാട് ഒരുമനയൂര്‍ വില്ലേജില്‍ 37 കുടുംബങ്ങള്‍ക്ക് വഖഫ് ബോര്‍ഡില്‍ നിന്നു നോട്ടീസ് ലഭിച്ചു. പൊന്നാനി താലൂക്കില്‍ സാമൂതിരിയുടെ പണ്ടാരം വഴി 1910ല്‍ പുഴയ്‌ക്കല്‍ തറവാട്ടുകാര്‍ക്കു ചാര്‍ത്തിക്കിട്ടിയ ഭൂമിയില്‍ നിന്ന് വില കൊടുത്തു വാങ്ങിയ വീട്ടുകാര്‍ക്ക് ഉള്‍പ്പെടെയാണ് വഖഫില്‍ നിന്ന് കുടിയിറക്കു നോട്ടീസ് കിട്ടിയത്.
കോട്ടമ്മല്‍ ബാലകൃഷ്ണന്‍, നീലങ്കാവില്‍ ഫ്രാന്‍സിസ്, മരക്കാര്‍ ഇബ്രാഹിം, ചെട്ടിക്കുളം രാമു, മൂത്തേടത്ത് ബാഹുലേയന്‍ തുടങ്ങിയവര്‍ സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്ക് നിവേദനം നല്കും. ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍. ബൈജു, ബോഷി ചാണാശ്ശേരി, രജനി സുരേഷ്, വിനീത് മുത്തമ്മവ് തുടങ്ങിയവര്‍ വീടുകള്‍ സന്ദര്‍ശിച്ചു. ഇവര്‍ക്ക് എല്ലാ സഹായങ്ങളും ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും, വഖഫ് ഭീഷണി നേരിടുന്ന മുഴുവന്‍ കുടുംബങ്ങളെയും അണിനിരത്തി ജനകീയ സമരം നടത്തുമെന്നും പ്രഖ്യാപിച്ചു.
അതേസമയം വഖഫ് ഭീകരതയില്‍പ്പെട്ടുപോയ മുനമ്പം ജനതയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. നിയമം വഴി മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി മുനമ്പത്തുള്ള കര്‍ഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് അവിടത്തെ ഭൂമി. അവിടെ നിന്ന് അവര്‍ക്ക് എങ്ങോട്ടും പോകേണ്ടി വരില്ല, കേന്ദ്ര മന്ത്രി ഉറപ്പു നല്കി. മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍, ബിജെപി സംസ്ഥാന സമിതി അംഗവും മൈനോറിറ്റി കോ ഓര്‍ഡിനേറ്ററുമായ അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവരുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസാകുന്നതോടെ മുനമ്പത്തുകാര്‍ക്ക് അവരുടെ ഭൂമി സ്വന്തമാകുന്ന സാഹചര്യമുണ്ടാകും. നിയമം വഴിയല്ലാതെ മറ്റൊരു വിധത്തിലും ഇത്തരം കാര്യങ്ങള്‍ക്കു പരിഹാരമില്ല. മുനമ്പത്തേത് ഒറ്റപ്പെട്ട സംഭവമല്ല. ഇത് രാജ്യത്തെമ്പാടുമുള്ളതാണ്. പ്രശ്ന പരിഹാരത്തിന് നിയമ നിര്‍മാണം തന്നെ വേണം. അതാണ് സര്‍ക്കാര്‍ വഖഫ് ബില്ലായി കൊണ്ടുവരുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ നിയമം പാസാകും. അതുവഴി മുനമ്പം ജനത പൂര്‍ണ സംരക്ഷിതരാകും, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് കൊണ്ടുവരികയും ഭേദഗതികളിലൂടെ ഭരണഘടനയെക്കാള്‍ ഉപരിയായ സ്ഥാനം കൊടുക്കുകയും ചെയ്ത വഖഫ് നിയമത്തിലെ കിരാതമായ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള നിയമത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇവരുടെ പിടിവാശി മൂലം ബില്‍ പാര്‍ലമെന്ററി സമിതിക്കു വിട്ടു. ഭേദഗതി ബില്ലിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക