കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ഇരട്ടത്താപ്പ് തുടര്‍ന്ന് സിപിഎം. ഒരേസമയം ഇരയോടൊപ്പവും വേട്ടക്കാരനുമൊപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് രംഗത്തെത്തി.
നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി അറിയണമെന്ന് ജയരാജന് ആവശ്യപ്പെട്ടു. സിപിഎം പെരിങ്ങോം ഏരിയ സമ്മേളനത്തില്‍ പി.പി. ദിവ്യയുമായി ബന്ധപ്പെട്ട വിഷയം പരാമര്‍ശിച്ചായിരുന്നു ജയരാജന്റെ വാക്കുകള്‍. എഡിഎം നവീന്‍ ബാബുവിനെ വീണ്ടും സംശയനിഴലിലാക്കിയിരിക്കുകയാണ് പ്രസംഗത്തിലൂടെ. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ ഘടകവും പാര്‍ട്ടി സംസ്ഥാന നേതൃത്വവും ആവര്‍ത്തിക്കുന്നതിനിടെയാണ് നവീന്‍ ബാബു കൈക്കൂലി വാങ്ങിയോ എന്നതിന്റെ നിജസ്ഥിതി പുറത്തുവരണമെന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പരസ്യമായി ആവശ്യപ്പെടുന്നത്.
ചില പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടര് പറയുന്നു. കൈക്കൂലി വാങ്ങുന്ന ആളല്ല എഡിഎം എന്ന് മറ്റൊരു കൂട്ടരും. ഇതിന്റെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ദിവ്യയുടെ പ്രസംഗം വല്ല രീതിയിലും ഇദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയിട്ടുണ്ടോയെന്നും അറിയേണ്ടതുണ്ട്. ആത്മഹത്യക്കുറിപ്പൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വസ്തുതകളൊന്നും ജനങ്ങള്‍ക്ക് അറിയാത്തതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നുമായിരുന്നു എം.വി. ജയരാജന്റെ വാക്കുകള്‍.
ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂരിലെ സിപിഎം നേതാക്കള്‍ അവരെ കാണാനും സ്വീകരിക്കാനും ജയിലിലെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷന് നേതാവുമായ പി.കെ. ശ്യാമളയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: