പാലക്കാട്: ഭരണഘടന ഉയര്‍ത്തിക്കാണിച്ചവര്‍ മുനമ്പത്തെക്കുറിച്ച് ഓര്‍ക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. പാലക്കാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ വികസന രേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന സംരക്ഷിക്കണമെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്നവര്‍ മുനമ്പത്തെ ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. മുനമ്പത്തിന്റെ കാര്യത്തില്‍ ഭരണഘടനയില്ലേയെന്നും, മുനമ്പത്തെ ജനങ്ങളോടൊപ്പമാണ് എപ്പോഴും നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 3806 കോടിയുടെ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി നടപ്പായാല്‍ പാലക്കാടിന്റെ മാത്രമല്ല കേരളത്തിന്റെ ആകെ തൊഴില്‍ പ്രശ്നം പരിഹരിക്കപ്പെടും.
കേരളത്തില്‍ വികസനം ഉണ്ടാകുന്നില്ല. പരമ്പരാഗതമായി ആര്‍ജ്ജിച്ചെടുത്തതാണ് കേരളത്തിന്റെ നേട്ടങ്ങള്‍. അല്ലാതെ ഇരുമുന്നണികള്‍ക്കും ഇതില്‍ പങ്കില്ല. ഒന്നുംതന്നെ കൂട്ടിച്ചേര്‍ക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. കേരളത്തിന് പുറത്ത് വ്യവസായങ്ങള്‍ വന്നപ്പോള്‍ എന്തുകൊണ്ട് ഇവിടെ വികസനം വന്നില്ല. കേരളത്തില്‍ വികസന സാഹചര്യം ഉണ്ടായാല്‍ യുവാക്കള്‍ എന്തിന് കോയമ്പത്തൂരിലും, ബെംഗളൂരുവിലും പോകണം. ഇങ്ങനെ പുറത്തേക്ക് യുവാക്കള്‍ ജോലി തേടി പോകുന്ന അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കൃത്യമായി നടപ്പാക്കപ്പെടണം, കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
സി.കൃഷ്ണകുമാറിന്റെ ജനകീയം ജനമനസ് വികസന രേഖയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനാണ്.
നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷതവഹിച്ചു. സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍, സംസ്ഥാന വൈസ് പ്രസി: പി. രഘുനാഥ്, സംസ്ഥാന ട്രഷറര്‍ അഡ്വ.ഇ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന.സെക്രട്ടറി പി.വേണുഗോപാല്‍, ബിഡിജെഎസ് സംസ്ഥാന വൈസ്.പ്രസി: എ.എന്‍.അനുരാഗ്, ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ. രഘു, ശിവസേന ജില്ലാ അധ്യക്ഷന്‍ ബോസ് തേങ്കുറിശ്ശി, എല്‍ജെപി ജില്ലാ അധ്യക്ഷന്‍ ജനാര്‍ദ്ദനന്‍, ബിജെപി പിരായിരി മണ്ഡലം പ്രസിഡന്റ് കെ.വിജേഷ്, പാലക്കാട് മണ്ഡലം പ്രസിഡന്റ് കെ. ബാബു, എം.പി. ശ്രീകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: