കോട്ടയം: നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കാക്കനാട്ടെ 2.79 ഏക്കര്‍ സ്ഥലം വില്പന നടത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണാത്തതില്‍ ജീവനക്കാര്‍ക്ക് ആശങ്ക. സ്ഥല വില്‍പ്പനയ്ക്കായി നിലവിലുള്ള ടെന്‍ഡര്‍ വിളിച്ചയാളില്‍ നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകാഞ്ഞതിനെത്തുടര്‍ന്ന് അതു റദ്ദാക്കി പുതിയതു വിളിക്കാനുള്ള നീക്കം 18 വരെ ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. നേരത്തെ ടെന്‍ഡര്‍ വിളിച്ച വ്യക്തി തന്നെയാണ് ഹര്‍ജി നല്‍കിയത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്നതിനൊപ്പം വിരമിച്ച ജീവനക്കാര്‍ക്കുളള ആനുകൂല്യങ്ങളും കൊടുത്തു തീര്‍ക്കാനുണ്ട്. ഇതു സംബന്ധിച്ച് മുന്‍ ജീവനക്കാര്‍ നേരത്തെ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി അനുവദിച്ച കാലാവധി ഡിസംബര്‍ 12 വരെയാണ്. 32 പേരുടെ ആനുകൂല്യങ്ങളാണ് ആദ്യഘട്ടത്തില്‍ നല്‍കേണ്ടത്. സ്ഥല വില്‍പ്പന നടത്തി കിട്ടുന്ന തുകയില്‍ നിന്ന് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ആദ്യം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: