റാഞ്ചി : ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരയവർക്ക് യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും നൽകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. പലാമു ജില്ലയിലെ ബിഷ്രാംപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമായും ബംഗ്ലാദേശി അച്ഛന്റെയും പ്രാദേശിക ആദിവാസി അമ്മയുടെയും മക്കൾക്ക് ആദിവാസി അവകാശങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്ന് നദ്ദ ഉറപ്പിച്ചു പറഞ്ഞു.ജെഎംഎം നേതൃത്വത്തിലുള്ള സർക്കാർ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകിയിട്ടുണ്ടെന്നും അവരെ തുരത്തുമെന്നും നുഴഞ്ഞുകയറ്റം തുടരാൻ അനുവദിക്കില്ലെന്നും നദ്ദ പറഞ്ഞു.
ഇതിനു പുറമെ അഴിമതിക്കാരും കള്ളന്മാരും സംസ്ഥാനത്തെ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ജാർഖണ്ഡിൽ നിന്ന് സിംഗിൾ എഞ്ചിൻ സർക്കാരിനെ പുറത്താക്കാനും ഇവിടെ ഇരട്ട എഞ്ചിൻ സർക്കാർ രൂപീകരിക്കാനും സമയമായിരിക്കുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ആഗോളതലത്തിൽ തന്നെ മാറിയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ തന്റെ അടുത്ത സുഹൃത്തായി വിശേഷിപ്പിച്ചത് ഇന്ത്യയുടെ മാറുന്ന പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ന് സ്റ്റീൽ നിർമ്മാണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും മൊബൈൽ ഫോൺ വിപണിയിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ്. മോദിയുടെ കാലത്ത് ഹൈവേകൾക്കുള്ള ബജറ്റ് 50 ശതമാനം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഗോത്രവർഗ ക്ഷേമത്തിനായുള്ള ബജറ്റ് മൂന്നിരട്ടിയും ഏകലവ്യ മോഡൽ സ്കൂളുകൾക്ക് 21 മടങ്ങ് വർദ്ധിപ്പിച്ചുവെന്നും രാജ്യത്തുടനീളമുള്ള 11 കോടി ടോയ്‌ലറ്റുകളിൽ 1.5 കോടി ടോയ്‌ലറ്റുകൾ ആദിവാസികൾക്കായി നിർമ്മിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: