ഡോ. ജീവന്‍ ജോസഫ്
ഡയറക്ടര്‍ & കണ്‍സള്‍ട്ടന്റ് ജീവന്‍ ഡയബറ്റിസ് & എന്‍ഡോക്രൈനോളജി സ്‌പെഷ്യാലിറ്റി സെന്റര്‍, വിമല ഹോസ്പിറ്റല്‍, ഏറ്റുമാനൂര്‍, കോട്ടയം
പ്രമേഹ രോഗികള്‍ പ്രധാനമായും രണ്ട് വിഭാഗത്തില്‍പ്പെടുന്നവരാണ്. മരുന്നുകള്‍ പ്രമേഹത്തിന് പര്യാപ്തമല്ലെന്നും ഇന്‍സുലിന്‍ എടുക്കുന്നതാണ് നല്ലതെന്നും വിശ്വസിക്കുന്ന ഒരു വിഭാഗവും ഇന്‍സുലിന്‍ ആവശ്യമില്ലെന്നും മരുന്നു മാത്രം മതി എന്നു വിശ്വസിക്കുന്ന മറ്റൊരു വിഭാഗവും. ഇതു രണ്ടും ശരിയല്ല. ഫാസ്റ്റിങ് ബ്ലഡ്ഷുഗര്‍ 300നു മുകളില്‍ നില്‍ക്കുന്ന സാഹചര്യം അല്ലെങ്കില്‍ 3 മാസത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒയഅ1ര 10 ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ ഇന്‍സുലിന്‍ എടുക്കണം. ഗര്‍ഭിണികള്‍ ഷുഗര്‍ കൂടിനില്ക്കുമ്പോള്‍, അതുപോലെ ഒരു സര്‍ജറിക്കു വിധേയമാകുമ്പോള്‍ ഇന്‍സുലിന്‍ എടുക്കേണ്ടതാണ്.
പ്രമേഹ നിയന്ത്രണം ആജീവാനന്ത ശ്രദ്ധ അനിവാര്യം
പ്രമേഹ നിയന്ത്രണത്തെക്കുറിച്ചു പറയുമ്പോള്‍ അതിന് ആജീവനാന്ത ശ്രദ്ധയും രോഗ നീരീക്ഷണവും വേണം. ഒരു കസേര ആടാതിരിക്കണമെങ്കില്‍ നാല് കാലുകള്‍ വേണം. ഒരുകാലിനും കൂടുതല്‍ പ്രാധാന്യമില്ല.
എല്ലാ കാലുകളും കരുത്തുള്ളതായിരിക്കണം. ഇവിടെ ഡയറ്റ് ഒരു കാലാണ്, വ്യായാമം ഒരു കാലാണ്, ആവശ്യമുള്ള മരുന്നുകള്‍ മൂന്നാമത്തെ കാലാണ്. കൃത്യമായ രോഗനിര്‍ണ്ണയം നാലാമത്തെ കാലാണ്. ഒരുകാല്‍ ദുര്‍ബലമായാല്‍ കസേര ആടും.
ആവശ്യമുള്ള വൈദ്യപരിശോധനകള്‍
മൂന്നു മാസത്തിലെ രക്തത്തിലെ ഷുഗര്‍ ലെവല്‍ അറിയുന്നതിനുള്ള ഒയഅ1ര, നേത്ര പരിശോധന, പാദങ്ങളിലെ സ്പര്‍ശന ശേഷി, രക്തയോട്ടം കുറയുന്നുണ്ടോ എന്നറിയുന്നതിനുള്ള ടെസ്റ്റ്, ചീത്ത കൊളസ്ട്രോള്‍ 100ല്‍ താഴെയാണോ എന്നറിയുന്നതിനുള്ള ടെസ്റ്റ്, ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ്, ഇസിജി, ട്രെഡ്മില്‍ ടെസ്റ്റ്, വൃക്കകളുടെ പ്രവര്‍ത്തനം കൃത്യമാണോ എന്നു പരിശോധിക്കുന്നതിനായി ക്രിയാറ്റിന്‍ ടെസ്റ്റ്, യൂറിന്‍ മൈക്രോ ആല്‍ബുമിന്‍ തുടങ്ങിയ ടെസ്റ്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പ്രമേഹ രോഗികള്‍ ചെയ്യേണ്ട വൈദ്യപരിശോധനകളാണ്.
ഹൈപ്പോഗ്ലൈസീമിയ
രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് അനിവാര്യമായ പരിധിയേക്കാള്‍ താഴ്ന്നുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. ശരീരത്തിന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്സാണ് ഗ്ലൂക്കോസ്. യഥാസമയം ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഹൈപ്പോഗ്ലൈസീമിയ അഥവ ഷുഗര്‍ താഴ്ന്നു പോകുന്ന അവസ്ഥ സംഭവിക്കും.
ഗുളികകളുടെ ഉപയോഗം
പ്രമേഹ രോഗവും അനുബന്ധിച്ചുള്ള മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും നിരവധി തെറ്റിദ്ധാരണകള്‍ സമൂഹത്തിലുണ്ട്. മരുന്നുകളെ ഭയപ്പടേണ്ട കാര്യമില്ല. പ്രമേഹത്തിന് ഉപയോഗിക്കുന്ന പുതിയ മരുന്നുകള്‍ക്ക് ഹൃദ്രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ തടയുന്നതിന് കഴിവുണ്ട്.
ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍
പ്രമേഹം ഒരു ഹോര്‍മോണ്‍ പ്രശ്നമാണ്. പ്രമേഹമുള്ളവര്‍ക്ക് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാണാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് തൈറോയിഡ് പ്രശ്നം. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന്റെ കുറവ് അല്ലെങ്കില്‍ കൂടുതല്‍ കൊണ്ട് പ്രമേഹരോഗികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ടിഎസ്എച്ചിന്റെ ഒരു പരിശോധന നടത്താറുണ്ട്. അതു പോലെ വൃക്കകളുടെ മുകളിലുള്ള അഡ്രീനല്‍ ഗ്രന്ഥികളില്‍ നിന്നുണ്ടാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കുറവും ചില ടൈപ്പ് 1 പ്രമേഹ രോഗികളില്‍ കാണാറുണ്ട്
ഗര്‍ഭാവസ്ഥയിലെ പ്രമേഹം
ഗര്‍ഭാവസ്ഥയില്‍ ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെവരുമ്പോഴാണ് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നത്. ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണമാകുന്നു. ഇത് ഗര്‍ഭാവസ്ഥയെയും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും.
ലോകപ്രമേഹദിന സന്ദേശം
ലോക പ്രമേഹദിനമായ നവംബര്‍ 14നോടനുബന്ധിച്ച് ‘പ്രമേഹവും ക്ഷേമവും’ എന്ന സന്ദേശത്തിന് സമൂഹത്തില്‍ പ്രചാരം നല്‍കുക, ശാസ്ത്രീയമായ പ്രമേഹ രോഗ നിയന്ത്രണത്തിലൂടെ ആരോഗ്യകരമായ ജീവിതത്തിനായുള്ള സമഗ്ര മാറ്റം വ്യക്തികളിലും സമൂഹത്തിലും ആരംഭിക്കുക എന്നതാണ്.
ഈ ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ പ്രമേഹ ചികിത്സാ പദ്ധതികളാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: