ഡോ. ജീവന്‍ ജോസഫ്
ഡയറക്ടര്‍ & കണ്‍സള്‍ട്ടന്റ് ജീവന്‍ ഡയബറ്റിസ് & എന്‍ഡോക്രൈനോളജി സ്‌പെഷ്യാലിറ്റി സെന്റര്‍, വിമല ഹോസ്പിറ്റല്‍, ഏറ്റുമാനൂര്‍, കോട്ടയം
സമഗ്രമായ സൗഖ്യം
ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം ഉള്‍പ്പെടുന്ന പ്രമേഹചികിത്സാ മാനേജ്മെന്റിന്റെ സമഗ്രമായ സമീപനത്തിന്റെ പ്രാധാന്യം ഈ തീം എടുത്തുകാണിക്കുന്നു. പ്രമേഹരോഗത്തിന് പ്രമേഹം മാത്രം ചികിത്സിക്കുന്നതുകൊണ്ട് കാര്യമില്ല. പ്രമേഹ രോഗികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാവാം. ജീവിത സാഹചര്യങ്ങള്‍മൂലം പ്രമേഹ നിയന്ത്രണത്തിനുള്ള സാഹചര്യങ്ങളുടെ അഭാവമുണ്ടാവാം. പ്രമേഹത്തെ ആരോഗ്യപ്രശ്നം മാത്രമായി കാണാതെ രോഗിയുടെ ശാരീരികവും മാനസികവുമായ എല്ലാ അവസ്ഥകളെയും സമഗ്രമായി മനസ്സിലാക്കി അവലോകനം ചെയ്ത് അതിനനുസൃതമായി ചികിത്സാ പദ്ധതി തയ്യാറാക്കി ചികിത്സ നടത്തുകയാണ് വേണ്ടത്. എല്ലാ തരത്തിലുമുള്ള സാന്ത്വനമാണ് പ്രമേഹ രോഗിക്കാവശ്യം.
പ്രമേഹ ചികിത്സ ഒരു മാരത്തണ്‍ ആണെന്നു പറയാം. അത് നൂറ് മീറ്റര്‍ സ്പ്രിന്റല്ല. ഉദാഹരണമായി ഒരാള്‍ക്ക് പനി വന്നു. ചികിത്സിച്ചു ഭേദമായിക്കഴിഞ്ഞാല്‍ ജീവിതം പഴയപടിയാവുന്നു. പ്രമേഹം വ്യത്യസ്തമാണ്. ഇത് ജീവിതം മുഴുവന്‍ ഒപ്പമുണ്ടാവുന്ന ആരോഗ്യ പ്രശ്നമാണ്, സഹയാത്രികനാണ്. ആ സഹയാത്രികനെ അപകടകാരിയാവാതെ കൊണ്ടുനടക്കുക എന്നതാണ് അഭികാമ്യം.
ടൈപ് 1 പ്രമേഹവും ടൈപ് 2 പ്രമേഹവും
രക്തത്തിലെ ഗ്ലൂക്കോസിന്റെ (പഞ്ചസാര) അളവ് കൂടിനില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം എന്നാണ് പൊതുവേ മനസ്സിലാക്കിയ വസ്തുത. പ്രമേഹം രണ്ടുതരമുണ്ട്. 85% പ്രമേഹം മുതിര്‍ന്നവരിലാണ് കാണുന്നത്. ഇതാണ് ടൈപ്പ് 2 പ്രമേഹം. 15% പ്രമേഹം കുട്ടികളിലാണ് കാണപ്പെടുന്നത്. ഇത് ടൈപ്പ് 1 പ്രമേഹമെന്നറിയപ്പെടുന്നു. ടൈപ്പ് 1 പ്രമേഹം പാന്‍ക്രിയാസിനെ ഇന്‍സുലിന്‍ നിര്‍മിക്കുന്നതില്‍ നിന്ന് തടയുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ്. ഇന്‍സുലിന്‍ കുത്തിവയ്‌പ്പുകളും രക്തത്തിലെ പഞ്ചസാരയുടെ നിരീക്ഷണവും ഉള്ള ദൈനംദിന ചികിത്സാ മാനേജ്മെന്റ് ഇതിനാവശ്യമാണ്. ആരോഗ്യകരമായ ജീവിതം നയിക്കുകയാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള മാര്‍ഗം. ആ ജീവിതശൈലിക്ക്, ആരോഗ്യകരമായ ഭക്ഷണം അനിവാര്യമാണ്. ദൈനംദിന ഭക്ഷണത്തില്‍ അമിത കലോറിയുള്ളതിനാല്‍ അവയവങ്ങളില്‍, പ്രത്യേകിച്ച് കരളിലും പാന്‍ക്രിയാസ് ഗ്രന്ഥിയിലും കൊഴുപ്പ് അടിയുകയും തന്മൂലം ആ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തകരാറു സംഭവിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കാതെ നിയന്ത്രിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവ് കുറയുന്നു. ഈ അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഇത് ഒരു ജീവിതശൈലീ രോഗമാണെന്ന് പറയാം.
രോഗനിര്‍ണയം
ഇതില്‍ രണ്ട് പരിശോധനകള്‍ ഉള്‍പ്പെടുന്നു:
ഫാസ്റ്റിംഗ് ബ്ലഡ്ഷുഗര്‍ (എആട), പോസ്റ്റ്-പ്രാന്‍ഡിയല്‍ ബ്ലഡ്ഷുഗര്‍ (ജജആട). ഫാസ്റ്റിംഗ് ബ്ലഡ്ഷുഗര്‍ ടെസ്റ്റ് എന്നത് 8 മുതല്‍ 12 മണിക്കൂര്‍ വരെയുള്ള ഉപവാസതുല്യമായ രാത്രി ഉറക്കത്തിനുശേഷം അതിരാവിലെയുള്ള പരിശോധനയാണ്. തുടര്‍ന്ന് ഭക്ഷണം കഴിച്ച് 2 മണിക്കൂറിനുള്ളില്‍ രക്തത്തിലെ ഗ്ലൂക്കോസും ഇന്‍സുലിന്‍ അളവും സാധാരണനിലയിലേക്ക് മടങ്ങും. അപ്പോള്‍ നടത്തുന്ന ടെസ്റ്റാണ് പിപിബിഎസ്.
ഈ പരിശോധനകളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവും സുപ്രധാന മാനദണ്ഡങ്ങളാണ്. പ്രമേഹം നിര്‍ണ്ണയിക്കാന്‍ മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഈ രണ്ട് ടെസ്റ്റുകളും സുപ്രധാനമാണ്.
പരിശോധനാ ഫലങ്ങള്‍ ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കും . ഓരോ വ്യക്തിക്കും സാധ്യമായ ഏറ്റവും മികച്ച പ്രമേഹ ചികിത്സാ മാനേജ്മെന്റ് പ്ലാനും നിര്‍ണ്ണയിക്കാന്‍ പ്രമേഹരോഗ വിദഗ്ധരെ സഹായിക്കും.
HbA1c ടെസ്റ്റ് എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്?
ശരാശരി 2-3 മാസങ്ങളിലെ ഒരു വ്യക്തിയുടെ രക്തത്തിലെ ശരാശരി പഞ്ചസാരയുടെ അളവ് അറിയാന്‍ HbA1c ടെസ്റ്റാണ് സാധാരണയായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. അതിനാല്‍ രക്തസാമ്പിളിലെ HbA1c മൂല്യം അറിയുന്നതിലൂടെ ശരാശരി രക്തത്തിലെ ഗ്ലൂക്കോസ് പ്രൊഫൈല്‍ അറിയാന്‍ സാധിക്കും. ഈ ഫലം പ്രീ-ഡയബറ്റിസ്, ഡയബറ്റിസ് മെലിറ്റസ് എന്നിവ നിര്‍ണ്ണയിക്കാനും പ്രമേഹ രോഗികളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ ദീര്‍ഘകാല നിയന്ത്രണം നിരീക്ഷിക്കാനും ഫലപ്രദമായ ചികിത്സ നിശ്ചയിക്കാനും സഹായിക്കും.
പ്രമേഹമില്ലാത്ത മുതിര്‍ന്നവര്‍ക്ക്, ഹീമോഗ്ലോബിന്‍ A1c ലെവലിന്റെ സാധാരണ പരിധി നാലു ശതമാനം മുതല്‍ 5.6ശതമാനം വരെയാണ്. ഹീമോഗ്ലോബിന്‍ A1c അളവ് 5.7ശതമാനത്തിനും 6.5 ശതമാനത്തിനും ഇടയിലാണെങ്കില്‍, ആ വ്യക്തിക്ക് പ്രീ-ഡയബറ്റിസ് ഉണ്ടെന്നും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും മനസ്സിലാക്കാം. 6.5 ശതമാനമോ അതില്‍ കൂടുതലോ ഉള്ള ലെവലുകള്‍ പ്രമേഹമുണ്ടെന്നും ആ വ്യക്തി ചികിത്സ തേടേണ്ടതുണ്ടെന്നും വെളിപ്പെടുത്തുന്നു
പൂര്‍ണ്ണമായും മാറുമോ?
ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് രോഗനിര്‍ണ്ണയശേഷം ആദ്യത്തെ 5 വര്‍ഷം ശരീരഭാരം പത്തുശതമാനം കുറയ്‌ക്കാന്‍ കഴിഞ്ഞാല്‍ പ്രമേഹം പൂര്‍ണ്ണമായും മാറുന്ന സാഹചര്യം കാണാറുണ്ട്. ഈ പ്രതിഭാസം ഡയബറ്റസ് റെമിഷന്‍ എന്നറിയപ്പെടുന്നു. ഭക്ഷണത്തില്‍ കലോറികള്‍ എടുക്കാന്‍ എളുപ്പവും അത് കത്തിച്ചുകളയാന്‍ പ്രയാസവുമാണ്. ഒരു സമോസ കഴിച്ചാല്‍ അതില്‍ 300 കലോറിയുണ്ട്. 100 കലോറി കത്തിക്കാന്‍ അര മണിക്കൂറെങ്കിലും നടക്കേണ്ടതുണ്ട്.
വ്യായാമം
ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിന് ചിട്ടയായ എയ്റോബിക്സ് വ്യായാമം പ്രധാനമാണ്. വേഗത്തിലുള്ള നടത്തം, വേഗത കുറച്ച് ഓട്ടം അഥവ ജോഗിങ്, ട്രഡ്മില്‍ എന്നിവ. ദിവസവും മുക്കാല്‍ മണിക്കൂറോളം വ്യായാമത്തിനായി മാറ്റി വയ്‌ക്കണം. ആഴ്ചയില്‍ 150 മിനിറ്റ് റ്വ്യായാമത്തിനായി മാറ്റിവയ്‌ക്കണം. വ്യായാമം ചെയ്യുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയും. നീന്തല്‍, യോഗ തുടങ്ങിയ വ്യായാമങ്ങളും ഫലപ്രദമാണ്. സോളിയസ് പുഷ്അപ്സ് എന്ന ലളിതമായ വ്യായാമം വളരെ ഫലപ്രദമാണ്. ഇതിലൂടെ മണിക്കൂറുകളോളം മെറ്റബോളിസം 52% വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇത് രക്തത്തിലെ ഗ്ലൂക്കോസും കൊഴുപ്പും ദഹിപ്പിക്കുന്നതിന് സഹായിക്കും. സോളിയസ് മസില്‍ പുഷ്-അപ്പ്, കാലുകള്‍ നിലത്ത് പരത്തി കാല്‍മുട്ടുകള്‍ 90 കോണില്‍ ഇരുത്തി കാലുകള്‍ ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുന്ന വ്യായാമ രീതിയാണ്.
ഭക്ഷണം
കുറഞ്ഞ കലോറി ഭക്ഷണത്തിലൂടെ ശരീരഭാരം കുറയ്‌ക്കുക എന്നത് പ്രധാനമാണ്. ചോറ്, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയിലടങ്ങിയ കാര്‍ബോഹൈഡ്രേറ്റ്സിന്റെ അളവ് ഭക്ഷണത്തില്‍ ഗണ്യമായി കുറയ്‌ക്കണം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണം ഉïാക്കുന്നതിനുള്ള എളുപ്പവഴിയാണ് ഡയബറ്റിസ് പ്ലേറ്റ് മെതേഡ്. ഈ രീതി ഉപയോഗിച്ച്, പച്ചക്കറികള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ ആരോഗ്യകരമായ ബാലന്‍സ് നിലനിര്‍ത്തി ഭക്ഷണം നിയന്ത്രിച്ചു കഴിക്കാന്‍ കഴിയും. വേïത് ഇച്ചാശക്തി മാത്രം. ഭക്ഷണത്തിനു മുന്‍പ് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ഇതുനല്ലതാണ്.
പ്രോസസ്സ് പാക്ഡ് ഫുഡ് ഒഴിവാക്കണം. എണ്ണയില്‍ പൊരിച്ച ഭക്ഷണവും ഒഴിവാക്കുക. കറി വയ്‌ക്കുന്ന രീതിയിലുള്ള ഭക്ഷണമാണ് അനുയോജ്യം
അനുബന്ധ രോഗങ്ങള്‍
ഡയബറ്റിക് റെറ്റിനോപ്പതി
പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗം. പ്രമേഹം നേത്രസംരക്ഷണത്തെ ബാധിക്കും. അതിനാല്‍ എല്ലാവര്‍ഷവും നേത്ര പരിശോധന സുപ്രധാനമാണ്. കേടായ രക്തക്കുഴലുകള്‍ കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകും.
ഹൃദ്രോഗം
കൊവിഡിനും ഹൃദ്രോഗത്തിനും തുല്യമായ അപകട സാധ്യതയായി പ്രമേഹത്തെ കണക്കാക്കുന്നു.
പ്രമേഹം നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാദ്യം പ്രമേഹത്തെ നിയന്ത്രിക്കണം. ഒപ്പം ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 100നു താഴെ നിര്‍ത്തുകയും വേണം.
അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നത് പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും (Cardio Vascular Disease) ഉള്ളവരും ഹൃദ്രോഗം ഇല്ലാത്തവരും എന്നാല്‍ ഹൃദ്രോഗ അപകട സാധ്യതാ ഘടകങ്ങളുള്ള 40 വയസ്സിന് മുകളിലുള്ളവരും അവരുടെ അടിസ്ഥാന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 100 നു താഴെ നിര്‍ത്തുന്നതിന് സ്റ്റാറ്റിന്‍സ് എന്ന ഗുളിക ഉപയോഗിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.
വൃക്കരോഗങ്ങള്‍
പ്രമേഹരോഗം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കാറുണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള പരിശോധനയാണ് യൂറിന്‍ മൈക്രോ ആല്‍ബുമിന്‍ ടെസ്റ്റ്. ഇതിലൂടെ വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടെത്താനാകും. യൂറിന്‍ മൈക്രോ ആല്‍ബുമിന്‍ കൂടിനിന്നാല്‍, പ്രമേഹം വൃക്കകളെ ബാധിച്ചു തുടങ്ങി എന്നാണര്‍ത്ഥം.
പാദങ്ങളും പ്രമേഹവും
പ്രമേഹത്തിന്റെ പ്രധാന സങ്കീര്‍ണ്ണത പാദങ്ങളിലുണ്ടാകുന്ന വൃണങ്ങളാണ്. പാദധമനികള്‍ അടഞ്ഞു പോകുന്നതുമൂലം രക്തചംക്രമണം തടസപ്പെടുകയും പാദങ്ങളില്‍ സംഭവിക്കുന്ന പരിക്കുകള്‍ വൃണങ്ങളായി മാറാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. ഈ വൃണങ്ങള്‍ പ്രമേഹ രോഗികളില്‍ ഉണങ്ങാതെ വരും. തുടര്‍ന്ന് അണുബാധയുണ്ടാകും. മുറിച്ചു മാറ്റേണ്ട സാഹചര്യവും സംജാതമാകും.
പാദങ്ങളിലെ രക്തധമനികള്‍ അടഞ്ഞുപോകുന്ന അവസ്ഥ കണ്ടെത്താനുള്ള ടെസ്റ്റാണ് അള്‍ട്രാസൗണ്ട് ആര്‍ട്ടീരിയല്‍ ഡോപ്ലര്‍.
ഒരു ഡോപ്ലര്‍ അള്‍ട്രാസൗണ്ട് എന്നത് ഒരുതരം അള്‍ട്രാസൗണ്ട് ഇമേജിംഗ് ടെസ്റ്റാണ്. രക്തക്കുഴലുകളിലൂടെ ബ്ലഡ് എത്ര നന്നായി ഒഴുകുന്നുവെന്ന് കാണിക്കാന്‍ ശബ്ദതരംഗങ്ങള്‍ ഉപയോഗിക്കുന്നു. പല അവയവങ്ങളും കഴുത്ത്, കൈകള്‍, കാലുകള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും രക്ത പ്രവാഹം പരിശോധിക്കാന്‍ ഈ ടെസ്റ്റിലൂടെ സാധിക്കുന്നു. ഡോപ്ലര്‍ അള്‍ട്രാസൗണ്ടിന്റെ ഫലങ്ങള്‍ സിരകളുടെയും ധമനികളുടെയും ആരോഗ്യം നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. അതുപോലെ പ്രമേഹം നാഡികളെ ബാധിക്കുന്നുണ്ടോ എന്നും കാലിലെ സ്പര്‍ശനശേഷി കുറയുന്നുണ്ടോ എന്നും അറിയാനാണ് ബയോതെസിയോമെട്രി (Biothesiometry) ടെസ്റ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: