ഗുരുവായൂര്‍: ഏകാദശി ദിവസം പൂര്‍വ്വികമായി നടന്നുവരുന്ന ഉദയാസ്തമന പൂജ നടത്തേണ്ട എന്ന് തീരുമാനിച്ച ദേവസ്വം ഭരണസമിതി ചുമതലയില്‍ ഇരിക്കാന്‍ അയോഗ്യരാണെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
മുന്‍വര്‍ഷങ്ങളില്‍ ഏകാദശി മറ്റൊരു ദിവസം ആചരിക്കുവാന്‍ തീരുമാനിച്ചതും ഇതേ ദേവസ്വം ബോര്‍ഡ് ആയിരുന്നു. വെര്‍ച്ച്വല്‍ ക്യൂ നടപ്പിലാക്കാതെ ദര്‍ശനത്തിന്റെ പേരില്‍ ആയിരക്കണക്കിന് രൂപ ഭക്തന്മാരില് നിന്നും ചൂഷണം ചെയ്യുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ക്ഷേത്രത്തെ വിവാദ കേന്ദ്രമാക്കി മാറ്റുകയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ക്ഷേത്ര ഭൂമി നല്‍കിയും, ഭക്തജനങ്ങള്‍ കാണിക്കയായി ഭഗവാന് അര്‍പ്പിച്ചതില്‍ നിന്നും 10 കോടി രൂപ സര്‍ക്കാരിന് സംഭാവന ചെയ്തും ക്ഷേത്ര സ്വത്ത് അന്യാധീനപ്പെടുത്തുന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി ക്ഷേത്രസംരക്ഷകരല്ല, ക്ഷേത്രധ്വംസകരാണ്. ക്ഷേത്ര ആചാരങ്ങളും, അനുഷ്ഠാനങ്ങളും നിലനിര്‍ത്താനും സംരക്ഷിക്കാനും തന്ത്രി കുടുംബത്തിന് ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യം സൃഷ്ടിച്ച ദേവസ്വം ഭരണമിതി ക്ഷേത്ര വിരുദ്ധമായ തീരുമാനം പിന്‍വലിച്ച് ഏകദശി ദിവസം ഉദയാസ്തമന പൂജ നടത്താത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: