ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് താമസിച്ചിരുന്ന ഔദ്യോഗിക വസതിയില്‍ നവീകരണ പ്രവര്‍ത്തമെന്ന പേരില്‍ നടത്തിയത് വന്‍ ധൂര്‍ത്തെന്ന് ബിജെപി. വസതിയില്‍ വരുത്തിയ ധൂര്‍ത്തുകളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. ഫുള്‍ ബോഡി മസാജര്‍ മുതല്‍ ടോയ്ലറ്റിലും അടുക്കളയിലും ജിമ്മിലുമുള്പ്പെടെ സീലിങ് സ്പീക്കറുകള്‍ എസികള്‍ എന്നിങ്ങനെ നീണ്ട ലിസ്റ്റാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സിലൂടെ പുറത്തുവിട്ടത്. ദല്‍ഹി മുഖ്യമന്ത്രിയുടെ വസതി പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് വരുന്നത്. നവീകരണത്തിന് ശേഷം വകുപ്പ് പുറത്തുവിട്ട ലിസ്റ്റാണ് ബിജെപി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അടുക്കള, ടോയ്ലറ്റ്, വാഷിങ് ഏരിയ, ജിം എന്നിവിടങ്ങളിലായി 75 ബോസ് സീലിങ് സ്പീക്കറുകള്‍, എഐ ടെക്നോളജിയോട് കൂടിയ 934 ലിറ്റര്‍ മള്‍ട്ടി ഡോര്‍ ഫ്രിഡ്ജ്, ടച്ച് സ്ക്രീനോടുകൂടിയ 73 ലിറ്റര്‍ സ്റ്റീം ഓവന്, ജക്കൂസി എന്നിങ്ങനെയുള്ള അത്യാഡംബര വസ്തുക്കളുണ്ടെന്നാണ് പിഡബ്ല്യുഡി ലിസ്റ്റില്‍ പറയുന്നത്. കേജ്രിവാള് മുഖ്യമന്ത്രിയായിരിക്കേ ഔദ്യോഗീക വസതിക്കായി കോടികള്‍ ചെലവഴിച്ചതായി മുമ്പും ആരോപണം ഉയര്‍ന്നിരുന്നു.
സാധാരണക്കാരായ ജനങ്ങള്‍ക്കായുള്ള പാര്‍ട്ടി എന്നപേരിലാണ് കേജ്രിവാള് എഎപി കൊണ്ടുവരുന്നത്. എന്നാല്‍ വിവിഐപി സംസ്കാരത്തിന്റെ പ്രതീകമായി കേജ്രിവാള് മാറിയെന്നതിന്റെ തെളിവുകളാണിപ്പോള്‍ പുറത്തുവന്നത്. രാജ്യത്തിലെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് അദ്ദേഹം. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ ധൈര്യമുണ്ടോയെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു.
21,000 ചതുരശ്ര അടിയിലുള്ള ഈ ബംഗ്ലാവ് പൂര്‍ണമായും എയര്‍ കണ്ടീഷനിങ് ചെയ്തിട്ടുണ്ട്. 250 ടണ്‍ എയര്‍ കണ്ടീഷനിങ് പ്ലാന്റിന് പുറമെ 50 എസികള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. 12 കോടി രൂപ വിലയുള്ള ടോയ്ലറ്റ് സീറ്റുകള്‍, 28.91 ലക്ഷം രൂപ വിലയുള്ള ടിവി, 73 ലക്ഷം രൂപ വിലമതിക്കുന്ന 55-77 ഇഞ്ച് ടിവികള്‍, 20 ലക്ഷം രൂപ വിലയുള്ള ജക്കൂസികള്‍. 12 വലിയ ചാന്‍ഡലേഴ്സ്, 57 സീലിങ് ഫാനുകള്‍, 50 ലക്ഷം രൂപ വിലയുള്ള കാര്‍പെറ്റ് എന്നിങ്ങനെയുള്ള അത്യാഡംബര സാധനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. സ്റ്റെയര്‍കേസിനും ബ്രാസ് റെയ്ലിങ്ങിനും വേണ്ടി 41 ലക്ഷം രൂപയാണ് മുടക്കിയത്. ഇന്റീരിയറിന് വേണ്ടിമാത്രം 10 കോടി രൂപ മുടക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: