കൊച്ചി:മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മുനമ്പം നിരാഹാര സമരപ്പന്തലിലെത്തിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും ഏത് അതിര്‍ത്തി വരെ പോകേണ്ടിവന്നാലും സമരക്കാരുടെ കൂടെയുണ്ടാകുമെന്നും വ്യക്തമാക്കി.
സമരക്കാരില്‍ അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ താനുണ്ടാകുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. മനുഷ്യത്വരഹിതമായി സമരക്കാരുടെ ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയല്ല. മുനമ്പത്തുളളവര്ക്ക് മനുഷ്യത്വപരമായി നീതിയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഗാന്ധിജിയുടെ സത്യാഗ്രഹം മാതൃകയിലുള്ള പോരാട്ടമാണ്. അക്രമസക്തമായ രീതിയിലല്ല. ആയിരം കേന്ദ്രങ്ങളില്‍ ഞായറാഴ്ച കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രതിജ്ഞ ചൊല്ലല്‍ നടത്തും.
ക്രൈസ്തവ പുരോഹിതര്‍ വര്‍ഗീയത പറയുന്നു എന്ന വഖഫ് മന്ത്രിയുടെ പരാമര്‍ശത്തോടും മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചു. മന്ത്രി പറയുന്നത് കേട്ട് തന്റെ ഈ ളോഹ ഊരി മാറ്റാന്‍ കഴിയുമോ. താന്‍ നില്ക്കുന്ന ആശയങ്ങള്‍ മാറ്റുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സമരക്കാരുടെ ഇടയന്മാരാണ് തങ്ങള്‍.ജനങ്ങളുടെ കൂടെ നില്ക്കുന്നില്ലെങ്കില് ഒറ്റുകാരാകും.ളോഹ ഊരിമാറ്റി ഖദര്‍ ഷര്‍ട്ട് ഇട്ട് സമര പന്തലില്‍ വന്ന് നില്‍ക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: