കൊൽക്കത്ത : പർവതപ്രദേശങ്ങളിൽ സംയുക്ത ഓപ്പറേഷൻ നടത്തുന്നതിന് സേനയെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരസേനയും നാവികസേനയും വ്യോമസേനയും നവംബർ 10 മുതൽ 18 വരെ രാജ്യത്തിന്റെ കിഴക്കൻ പർവത മേഖലകളിൽ സംയുക്ത ത്രിസേനാ അഭ്യാസം നടത്തുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
മുൻവി പ്രഹാർ എന്ന് പേരിട്ടിരിക്കുന്ന അഭ്യാസത്തിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും AI-അധിഷ്ഠിത അനലിറ്റിക്സും ആശ്രയിക്കുന്ന ഉപകരണങ്ങളും ഉപയോഗിക്കും. കൂടുതൽ ആധുനികമായ ഒരു സംയുക്ത സൈനിക അഭ്യാസമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടാതെ നൂതന യുദ്ധവിമാനങ്ങൾ, നിരീക്ഷണ വിമാനങ്ങൾ, ചിനൂക്ക് പോലുള്ള ഹെലികോപ്റ്ററുകൾ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ (രുദ്ര), പുതുതായി ഉൾപ്പെടുത്തിയ എം 777 അൾട്രാ ലൈറ്റ് ഹോവിറ്റ്‌സർ എന്നിവ ഒമ്പത് ദിവസത്തെ അഭ്യാസത്തിൽ ഉടനീളം വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമായും പ്രവർത്തന സന്നദ്ധത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ അഭ്യാസത്തിൽ മൂന്ന് സേനകളിലുമുള്ള നിരവധി റെജിമെൻ്റിൽ നിന്നുള്ള പങ്കാളിത്തം ഉണ്ടായിരിക്കുമെന്നും പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. സമകാലിക വെല്ലുവിളികളെ നേരിടാൻ സംയുക്ത പ്രവർത്തനങ്ങളുടെയും ശക്തികളുടെ സമന്വയ പ്രയോഗത്തിന്റെയും പ്രാധാന്യം ഈ അഭ്യാസം അടിവരയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: