ജന്മഭൂമിയുടെ അമ്പതാം പിറന്നാളാഘോഷത്തിന്, പിറന്നുവീണ കോഴിക്കോട്ടെ മണ്ണില്‍ വിജ്ഞാനോല്സവത്തോടെ തുടക്കം കുറിച്ചു. വിജ്ഞാനത്തിന്റേയും ബോധവല്‍ക്കരണത്തിന്റെയും ആസ്വാദനത്തിന്റെയും അനുഭവം സമ്മാനിച്ചായിരുന്നു, ഒരുവര്‍ഷത്തെ സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ശുഭാരംഭം. ആര്‍ഭാടങ്ങള്‍ മാറ്റിവച്ച് വൈജ്ഞാനിക മേഖലയില്‍ ഊന്നിനിന്നുള്ള ആഘോഷ ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കാനുള്ള തീരുമാനം അതിന്റെ കാലിക പ്രസക്തി പരിഗണിച്ചായിരുന്നു. സമൂലവും പ്രതീക്ഷാനിര്‍ഭരവും പ്രത്യാശാപൂര്‍ണവുമായ മാറ്റങ്ങളിലൂടെ രാഷ്ട്രം കടന്നു പോകുന്ന കാലമാണിത്. രാഷ്ട്രം സ്വാഭിമാനം വീണ്ടെടുത്ത കാലം. സ്വാതന്ത്ര്യാനന്തരം ഏറെക്കാലം തെറ്റായ ദിശയിലൂടെ സഞ്ചരിച്ച സമൂഹത്തെ ശരിയായ ദിശയിലേയ്ക്കു നയിക്കേണ്ട ചുമതല ഇന്നത്തെ ഭരണസംവിധാനത്തിനും ഈ തലമുറയ്ക്കുണ്ട്. തെറ്റായി വ്യഖ്യാനിച്ച ചരിത്രവസ്തുതകളെ തിരുത്തുകയും അതിനു ചാലുതുറന്നു കൊടുക്കുകയും അതു തുടരുകയും ചെയ്യുന്ന സാഹിത്യ- മാധ്യമ രംഗത്തെ ശുദ്ധീകരിക്കുകയും ചെയ്യേണ്ട കടമയും ഈ തലമുറയ്ക്കുണ്ട്. സെമിനാറുകളും സംവാദങ്ങളും പ്രദര്‍ശനങ്ങളും ഉദ്ഘാടന-സമാപന ചടങ്ങുകളും എല്ലാം ആ നിലയ്ക്കാണു വിഭാവനം ചെയ്തിരുന്നത്. ചരിത്ര, സാംസ്കാരിക, സാമ്പത്തിക, സാഹിത്യ, കലാകായിക മേഖലകളെയെല്ലാം സ്പര്‍ശിച്ചാണ് ആഘോഷപരിപാടികള്‍ കടന്നു പോയത്. സ്വ എന്നു നാമകരണം ചെയ്ത വിജ്ഞാനോത്സവത്തില്‍ സ്വച്ഛത, സ്വതന്ത്രത, സ്വാവലംബനം, സ്വരാജ്, സ്വാഭിമാനം, സ്വദേശി എന്നിവയ്ക്കായിരുന്നു ഊന്നല്‍. വിഷയങ്ങള്‍ സമഗ്രതയില്‍ അവതരിപ്പിച്ച സെമിനാറുകള്‍, ചരിത്രത്തിലേയ്ക്കും ശാസ്ത്രത്തിലേയ്ക്കും രാജ്യത്തിന്റെ വിജയക്കുതിപ്പിലേയ്ക്കും തിരനോട്ടം നടത്തിയ വൈജ്ഞാനിക പ്രദര്‍ശനികള്‍, മഹത്വം തിരിച്ചറിഞ്ഞുള്ള ആദരിക്കലുകള്‍, സംസ്ക്കാരവും കഴിവും പ്രതിഭയും സമന്വയിച്ച കലാപരിപാടികള്‍ എന്നിവ ശ്രദ്ധേയമായി. സ്കൂള്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരുമടക്കമുള്ളവരുടെ സാന്നിദ്ധ്യം വിജ്ഞാനോത്സവത്തെ സജീവമാക്കി.
അതീവശ്രദ്ധ ചെലുത്തേണ്ട ആറു വിഷയങ്ങളിലെ സെമിനാറുകള്‍ പങ്കാളിത്തം കൊണ്ടും വിഷയ സമഗ്രതകൊണ്ടും മികവുറ്റതായി. സമുദ്രമേഖലയുടെ കടല്‍പോലുള്ള സാധ്യതകളിലേയ്ക്ക് വെളിച്ചം വീശുന്ന നീല വിപ്ളവത്തെക്കുറിച്ചായിരുന്നു ആദ്യ സെമിനാര്‍. മത്സ്യ വിപണിയുടെ ആഗോള കമ്പോളത്തെ നിയന്ത്രണത്തിലാക്കാനുള്ള സുവര്‍ണാവസരമാണ് ഭാരതത്തിനു മുന്നിലെന്നായിരുന്നു സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് ഏകസ്വരത്തില്‍ പറയാനുണ്ടായിരുന്നത്. ശാസ്ത്രജ്ഞരുടെ കണ്ടെത്തലും മത്സ്യത്തൊഴിലാളികളുടെ കടലറിവും സമന്വയിപ്പിക്കണം എന്ന നിര്‍ദ്ദേശവും ഉയര്‍ന്നു. മത്സ്യമേഖലയ്ക്കായി കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ കേരളത്തില്‍ ലഭിക്കുന്നില്ലന്ന വിമര്‍ശനവും ഉണ്ടായി.
മാധ്യമങ്ങളുടെ ചരിത്രവും പ്രതിസന്ധിയും കോറിയിടുന്നതായിരുന്നു മാധ്യമ സെമിനാര്‍. ആഗോളവല്‍ക്കരണം മാധ്യമ മേഖലയെ തകര്‍ത്തു. മാധ്യമ രംഗത്തേക്ക് സാമ്പത്തിക താല്പര്യത്തോടെയുള്ള വരവ് കൂടിയതോടെ ഗുണനിലവാരവും സമഗ്രതയും ഇല്ലാതെയായി. മലയാള മാധ്യമങ്ങള്‍ക്ക് ദേശവിരുദ്ധ മനസ്സ്, മാധ്യമങ്ങളെ വിമര്‍ശിക്കുന്ന സമൂഹവും പക്വമാകണം തുടങ്ങി വിവിധങ്ങളായ അഭിപ്രായങ്ങള്‍ യുക്തിയോടെ അവതരിപ്പിച്ചു.
സമസ്ത മേഖലയിലും സ്ത്രീകളുടെ അന്തസ്സ് വര്‍ധിപ്പിക്കുന്ന സാമൂഹിക പരിവര്‍ത്തനം അനിവാര്യമാണെന്ന ആഹ്വാനമായിരുന്നു വനിതാ സെമിനാറില്‍. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഉണ്ടായിട്ടും പൊതു ഇടങ്ങളില്‍ സമത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കുന്നുവെന്ന അഭിപ്രായമുയര്‍ന്നു. സാമൂഹ്യജീവിതത്തിലും സാങ്കേതിക വിദ്യയിലും രാഷ്ട്രീയത്തിലും എല്ലാമുള്ള മാറ്റങ്ങള്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കണമെന്ന് സാഹിത്യ സെമിനാര്‍ ആവശ്യപ്പെട്ടു. ഭാരതത്തെ വന്‍ സാമ്പത്തിക ശക്തിയാക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെയെല്ലാം സാധ്യമാകും എന്നതിന്റെ ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയായിരുന്നു സഹകരണ സെമിനാറില്‍.
2036 ലെ ഒളിംപിക്സിന് ഭാരതം ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശം ഉള്‍ക്കൊണ്ടായിരുന്നു കായിക സെമിനാറില്‍ പങ്കെടുത്ത് ഓരോരുത്തരും സംസാരിച്ചത്. ഒളിംപിക്സ് മികവാര്‍ന്ന രീതിയില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടക്കും എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. ഭാരതം കൂടുതല്‍ മെഡല്‍ നേടാനുള്ള പ്രവര്‍ത്തനം തുടങ്ങുക മാത്രം ചെയ്താല്‍ മതി എന്നതായിരുന്നു ഏകസ്വരം. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, എന്‍ഐടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ എന്നിവരുമായുള്ള സംവാദം, സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം എന്നിവ ആഴത്തിലുള്ള ആശയ വിനിമയമായി.
അരനൂറ്റാണ്ടായി ജന്മഭൂമിയോടൊപ്പം സഞ്ചരിക്കുന്ന പി .നാരായണന്, കെ. രാമന്‍പിള്ള, കെ. കുഞ്ഞിക്കണ്ണന് എന്നിവര്‍ക്ക് നല്കിയ ആദരം ഗുരൂപൂജയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: