ന്യൂദല്‍ഹി: സാഹിത്യകാരന് സല്മാന് റുഷ്ദിയുടെ പുസ്തകമായ ‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ച രാജീവ് ഗാന്ധി സര്‍ക്കാരിന്റെ വിവാദ ഉത്തരവ് കാണാനില്ല. ഇതേ തുടര്‍ന്ന് 1988ല്‍ ബുക്കിന് ഏര്‍പ്പെടുത്തിയ നിരോധനം ദല്‍ഹി ഹൈക്കോടതി നീക്കം ചെയ്തു. മൂന്നര പതിറ്റാണ്ടു നീണ്ട നിരോധനം നീങ്ങിയതോടെ പുസ്തകം വീണ്ടും രാജ്യത്ത് ലഭ്യമാകും.
മതനിന്ദാ ആരോപണത്തെ തുടര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് പുസ്തകം രാജ്യത്ത് നിരോധിച്ചത്. 1988 ഒക്ടോബര്‍ 5ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് പുസ്തകം ഇറക്കുമതി ചെയ്യുന്നത് തടഞ്ഞുകൊണ്ട് നിരോധന വിജ്ഞാപനവും പുറത്തിറക്കി. 1962ലെ കസ്റ്റംസ് നിയമപ്രകാരമായിരുന്നു വിജ്ഞാപനം.
എന്നാല്‍ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും ഈ വിജ്ഞാപനം ഏതെങ്കിലും ഔദ്യോഗിക വെബ്സൈറ്റിലോ സര്‍ക്കാരിന്റെ കൈവശമോ കണ്ടെത്താനായില്ല. അത്തരത്തിലൊരു വിജ്ഞാപനമില്ലെന്ന് അനുമാനിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് വിധിച്ചത്. നിരവധി നാളത്തെ തിരച്ചിലുകള്‍ക്ക് ശേഷം ഇത്തരത്തിലൊരു വിജ്ഞാപനം കണ്ടെടുക്കാനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2022 നവംബറില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പിറക്കിയ വിജ്ഞാപനത്തിന്റെ പേരില്‍ പുസ്തകം ഇപ്പോഴും രാജ്യത്ത് ഇറക്കുമതി ചെയ്യാനാവാത്ത സ്ഥിതിയാണെന്ന് ആരോപിച്ച് സന്ദീപ് ഖാന് എന്നയാളാണ് 2019ല്‍ ദല്‍ഹി ഹൈക്കോടതിയെ ഹര്‍ജിയുമായി സമീപിച്ചത്. 1988ല്‍ ലണ്ടനിലെ പെന്ഗിന് ഗ്രൂപ്പാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുംബൈയില്‍ ജനിച്ച ബ്രിട്ടീഷ്- അമേരിക്കന്‍ സാഹിത്യകാരനായ സല്മാന് റുഷ്ദിക്ക് നേര്‍ക്ക് 2022 ആഗസ്ത് 12ന് ന്യൂയോര്‍ക്കില്‍ ആക്രമണം ഉണ്ടായിരുന്നു. പന്ത്രണ്ടോളം കുത്തേറ്റ അദ്ദേഹത്തിന്റെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: