കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രധാന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ പ്രവേശനകവാടത്തില്‍ ഏവര്‍ക്കും സ്വീകരണമരുളി രണ്ട് കൈകളുടെ ഇസ്റ്റലേഷന്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മേളയുടെ ആദ്യദിനം മുതലേ സ്റ്റേഡിയത്തിന്റെ പൂമുഖം കണക്കെ ഒരുക്കിയ സ്റ്റാളിനകത്താണ് ഭീമാകാരമായ ഈ രണ്ടു കൈകള്‍. ‘ഹാന്‍ഡ്സ് ഓഫ് പ്രിവന്റ്സ്’ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.
സിഗരറ്റ് പിടിച്ചു നില്ക്കുന്ന ഒരു കൈ, ലഹരി ഉപഭോഗം തടയാനെന്നോണം ആ കൈത്തണ്ടയില്‍ പിടിച്ചുകൊണ്ടുള്ള മറ്റൊരു കൈ- എന്ന വിധത്തിലാണ് കൂറ്റന്‍ ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. സിഗരറ്റ് ബഡ്സും മറ്റ് ലഹരി അനുബന്ധ വസ്തുക്കളും ആണ് ഈ ശില്‍പ്പം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ശില്‍പ്പത്തെ പുറമെയ്ക്ക് ചെറിയ ചെറിയ ലഹരിവിരുദ്ധ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ലഹരി ഉള്‍പ്പെടെയുള്ള അഡിക്ഷന്സുകളില് നിന്നും കുട്ടികളെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഫോര്‍ത്ത് വെയ്വ് ഫൗണ്ടേഷന് എന്ന എന്‍ജിഒ ആണ് ഈ ശില്‍പ്പത്തിന്റെ നിര്‍മ്മിതിക്ക് പിന്നില്‍. സപ്തംബറില്‍ ലഹരിക്കെതിരെ 11-ാം ഏഷ്യന്‍ ന്യൂസ് ഫോറത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ച ഇന്സ്റ്റലേഷന് ആണിത്. 13 രാജ്യങ്ങള്‍ അന്നത്തെ ആ ഫോറത്തില്‍ പങ്കെടുത്തിരുന്നു.
കായിക മേളയുടെ സംഘാടകര്‍ ഔദ്യോഗികമായി ഒരുക്കിയതല്ല ഈ സ്റ്റാള്‍. എന്നാല്‍ അവരുടെ അനുമതിയോടെ പോലീസിന്റെ സോഷ്യല്‍ പോലീസിങ് വിങ്ങും നിയമ സഹായവേദിയായ കെല്‍സയും ഫൗണ്ടേഷനും ചേര്‍ന്നാണ് തലയടുപ്പോടെ നില്ക്കുന്ന ഈ സ്റ്റാള്‍ പ്രവര്‍ത്തിപ്പിച്ചു വരുന്നത്. ഈ മൂന്ന് വിഭാഗത്തിന്റെയും പ്രതിനിധികള്‍ ഗെയിംസ് നടക്കുന്ന മുഴുവന്‍ സമയവും ഈ സ്റ്റാളില്‍ സന്നിഹിതരാണ്. ആവശ്യമായവര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം ഇവിടെ നിന്നും നല്കിവരുന്നു. കൂടുതല്‍ സഹായം വേണ്ടവര്‍ക്കെല്ലാം സഹായം തുടങ്ങിവയ്ക്കുകയും ചെയ്യുന്നു. സോഷ്യല്‍ പോലിസിങ്ങിന്റെ എറണാകുളം സിറ്റി വിങ്ങിന്റെ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ സൂരജ് കുമാറിന്റെ നേതൃത്വത്തിലാണ് ഗെയിംസ് വില്ലേജ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: