കൊച്ചി: കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയറായിട്ടും സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കാനിറങ്ങി വെള്ളി മെഡല്‍ നേടിയ നിരഞ്ജന ഇത്തവണ മത്സരിക്കാനിറങ്ങിയത് ജൂനിയര്‍ വിഭാഗത്തില്‍. അതുകൊണ്ടുതന്നെ അന്നത്തെ വെള്ളി ഇത്തവണ പൊന്നാക്കി മാറ്റാനും ഈ മിടുക്കിക്ക് കഴിഞ്ഞു.
പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തിലാണ് പി. നിരഞ്ജനയുടെ പൊന്ന്. 16 മിനിറ്റ് 10. 34 സെക്കന്‍ഡിലാണ് മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ ഈ പെണ്‍കുട്ടി സ്വര്‍ണം സ്വന്തമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ആഗ്രഹിച്ച നിമിഷംവന്നു ചേര്‍ന്നപ്പോള്‍ പത്താം ക്ലാസുകാരിക്ക് സന്തോഷം അടക്കാനായില്ല. ഫിനിഷ് ചെയ്തതിന് പിന്നാലെ മാഷേയെന്ന് വിളിച്ച് പരിശീലകന്‍ റിയാസ് ആലത്തിയൂരിന്റെ അടുത്തേക്കാണ്് അവള്‍ ഓടിയെത്തിയത്. ശിഷ്യയെ ചേര്‍ത്തു നിര്‍ത്തിയ റിയാസിന്റെയും കണ്ണുകള്‍ നിറഞ്ഞു. രണ്ടുവര്‍ഷമേ ആയിട്ടുള്ളൂ നിരഞ്ജന കായികരംഗത്തേയ്‌ക്ക് വന്നിട്ട്. 2023 കുന്നംകുളം കായികമേളയില്‍ 3 കിലോമീറ്റര്‍ നടത്തത്തില്‍ 4.49 സെക്കന്‍ഡിലായിരുന്നു സ്വര്‍ണം നഷ്ടമായത്.
25 കി.മി യാത്ര ചെയ്ത് ചാത്തന്നൂര്‍ മൈതാനത്ത് പോയിട്ടായിരുന്നു പരിശീലനം നടത്തിയത്. ഓരോ തവണയും 100 രൂപ വീതം നല്‍കിയായിരുന്നു ട്രാക്കില്‍ പരിശീലനം നടത്തിയത്. കൂലിപ്പണിക്കാരനായ പിതാവ് പ്രസീതും അമ്മ ശ്രീജിതയും വരുമാനത്തില്‍ നിന്നും നല്ലൊരു ഭാഗം നീക്കിവച്ചാണ് ഇതിനായുള്ള തുകയെല്ലാം നല്‍കിയിരുന്നത്. സഹോദരി നിവേദിതയും കായിക താരമാണ്.
ഇടുക്കി സിഎച്ച്എസ് കാല്‍വരിമൗണ്ടിലെ ദേവിന റോബി 16 മിനിറ്റ് 25.51 സെക്കന്റില്‍ വെള്ളിയും കോഴിക്കോട് ചാത്തമംഗലം ആര്‍ഇസിജിവിഎച്ച്എസ്എസിലെ പി.പി. ആദിത്യ 16 മിനിറ്റ് 43.18 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: