India

സദ് ഗുരുവിനെ വേട്ടയാടി ഇല്ലാതാക്കുക ലക്ഷ്യം; കേസിന് പിന്നാലെ കേസുകള്‍…സദ്ഗുരുവിന്റെ പത്മവിഭൂഷണ്‍ തിരിച്ചുപിടിക്കാനുള്ള ഹര്‍ജി കോടതി തള്ളി

Published by

ചെന്നൈ: സദ് ഗുരു ജഗ്ഗി വാസുദേവിന് സമ്മാനിച്ച പത്മ വിഭൂഷണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ ഹര്‍ജി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.ആര്‍. ശ്രീറാമും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അടങ്ങിയ മദ്രാസ് ഹൈക്കോടതി ഫസ്റ്റ് ഡിവിഷന്‍ ബെഞ്ച് തള്ളി.

2017ല്‍ സദ് ഗുരുവിന് സമ്മാനിച്ച പത്മവിഭൂഷണ്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.വെട്രി സെല്‍വനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. നിരവധി ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സദ് ഗുരുവിന് നല്‍കിയ പത്മവിഭൂഷണ്‍ തിരിച്ചുപിടിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന് വേണ്ടിയുള്ള അഡ്വ. എം. രാധാകൃഷ്ണന്റെ വാദം. സദ് ഗുരുവിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുന്ദരേശനും വാദിച്ചു. അനധികൃതമായി വനഭൂമി കയ്യേറിയാണ് കോയമ്പത്തൂരിലെ ഇഷ യോഗ കേന്ദ്രം സ്ഥാപിച്ചത് എന്നതായിരുന്നു ഹര്‍ജിക്കാരന്റെ മറ്റൊരു വാദം.

ഈ വാദങ്ങളെല്ലാം ഹൈക്കോടതി ബെഞ്ച് തള്ളി. എല്ലാ ചട്ടങ്ങളും കണക്കിലെടുത്ത ശേഷമാണ് ഈ പുരസ്കാരം അന്ന് സദ് ഗുരുവിന് നല്‍കിയതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതിനാല്‍ ഈ പൊതുതാല്‍പര്യഹര്‍ജി തള്ളിക്കളയുന്നുവെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.

ഡിഎംകെയും ഒരു ന്യൂനപക്ഷ സമുദായവും ചേര്‍ന്ന് പല രീതിയില്‍ ജഗ്ഗി വാസുദേവിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ ന്യൂനപക്ഷ സമുദായസ്ഥാപനം ഇവിടെ ഏക്കര്‍ കണക്കിന് വനഭൂമി വെട്ടിപ്പിടിച്ച് പണ്ട് മുതലേ പടര്‍ന്ന് പന്തലിച്ചതാണ്. അവര്‍ക്ക് സദ് ഗുരുവിന്റെ സത്വരമായ വളര്‍ച്ച ദഹിക്കുന്നില്ല. ഇതാണ് വേട്ടയാടലിന് ഒരു കാരണം. ഹിന്ദു ദര്‍ശനങ്ങളും ഹിന്ദു സംസ്കാരവും സനാതനധര്‍മ്മം പ്രോത്സാഹിപ്പിക്കുന്ന പ്രസ്ഥാനങ്ങളും തമിഴ്നാട്ടില്‍ വേണ്ടെന്നതാണ് ഡിഎംകെ നയം. ഇത് രണ്ടും ചേരുന്ന‍ മാരകശക്തിയുള്ള ശത്രുപക്ഷമാണ് സദ് ഗുരുവിനും കോയമ്പത്തൂരിലെ ഇഷ യോഗ കേന്ദ്രത്തിനും വിനയാകുന്നത്.

തനിക്കെതിരായ കേസുകള്‍ ഒന്നൊന്നായി സദ് ഗുരു ജയിച്ചു കയറുകയാണ്. ഏറ്റവുമൊടുവില്‍ തന്റെ രണ്ട് പെണ്‍മക്കളെ സദ് ഗുരു ആശ്രമത്തില്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് വാദിച്ച് ഡോ. സായിബാബ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ രണ്ട് പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരമാണ് സദ് ഗുരുവിന്റെ ആശ്രമത്തില്‍ എത്തിയതെന്ന് വാദിച്ചതോടെ കേസ് തള്ളിപ്പോവുകായിരുന്നു. ഈ കേസില്‍ 150 പൊലീസുകാരാണ് സദ് ഗുരുവിന്റെ ആശ്രമത്തില്‍ റെയ് ഡ് എന്ന പേരില്‍ തള്ളിക്കയറിയത്. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് ആശ്രമത്തിനുള്ളിലെ ഡിഎംകെ സര്‍ക്കാരിന്റെ പൊലീസ് വേട്ട അവസാനിപ്പിച്ചത്.

.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക