ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം വഖഫ് (ഭേദഗതി) ബില്‍ 2024ന്റെ ഭാഗമായി ചേര്‍ന്ന സംയുക്ത പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ ആഞ്ഞടിച്ച് മുസ്ലിം ഇന്‍റലക്ച്വല്‍ വിമന്‍സ് ഗ്രൂപ്പിന്റെ അധ്യക്ഷന്‍ ശാലിനി അലി. വഖഫ് (ഭേദഗതി) ബില്‍ 2024ന് ശാലിനി അലി മുഴുവന്‍ പിന്തുണയും നല്‍കി. കുറിക്കുകൊള്ളുന്ന ചോദ്യങ്ങളാണ് ശാലിനി അലി യോഗത്തില്‍ വഖഫ് ബോര്‍ഡിന് എതിരെ ഉയര്‍ത്തിയത്. വഖഫ് ബോര്‍ഡ് ഭൂമാഫിയയ്‌ക്കെതിരെ എന്താണ് ചെയ്യുന്നത് എന്നതായിരുന്നു ഒരു ചോദ്യം. സാമൂഹ്യക്ഷേമത്തിന് വഖഫ് ബോര്‍ഡ് ഒന്നും ചെയ്യുന്നില്ലെന്ന് ശാലിനി ആലി ആരോപിച്ചു.
ഏതാനും സ്വാധീനമുള്ള ആളുകളുടെ കൈകളിലാണ് വഖഫ് ബോര്‍ഡെന്നും ശാലിനി അലി ആരോപിച്ചു. ഇവര്‍ മുസ്ലിം സ്ത്രീകള്‍ക്ക് വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ അധികാരം നല്‍കാനോ, സമൂഹത്തില്‍ ഓരത്തേക്ക് തള്ളപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനോ തയ്യാറുള്ളവരല്ല. അനാഥര്‍ക്കും വിവാഹമോചനം നേടിയ സ്ത്രീകള്‍ക്കും പുനര്‍വിവാഹത്തിന് ശ്രമിക്കുന്ന സ്ത്രീകള്‍ക്കും വേണ്ടി എന്താണ് വഖഫ് ബോര്‍ഡ് ചെയ്തത് എന്നും ശാലിനി അലി ചോദിച്ചു. വഖഫ് ബോര്‍ഡ് സമൂഹ്യക്ഷേമത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന യാഥാര്‍ത്ഥ്യവും ശാലിനി അലി നിരത്തി
പഴയ വഖഫ് നിയമത്തില്‍ നിന്നും 44 ഭേദഗതികളാണ് പുതിയ വഖഫ് ബില്ലില്‍ നടപ്പാക്കാന്‍ പോകുന്നത്. അതിനെ മുസ്ലിം സമുദായം എതിര്‍ക്കുന്നത് എന്തിനാണെന്നും ശാലിനി അലി ചോദിക്കുന്നു.
നേരത്തെ ഹിജാബ് സമരങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ച മുസ്ലിം വനിതയാണ് ശാലിനി അലി. ഹിജാബ് സമരം വെറും രാഷ്‌ട്രീയമായ കുത്തിപ്പൊക്കലാണെന്നായിരുന്നു അന്ന് ശാലിനി അലി ഉയര്‍ത്തിയ വാദം.
മുസ്ലിം രാഷ്‌ട്രീയ മഞ്ചിന്റെ വനിതാ വിഭാഗം ദേശീയ കണ്‍വീനര്‍ കൂടിയാണ് ശാലിനി ആലി. മുസ്ലിം വനിതകളെ സാമൂഹികമായി ഉയര്‍ത്താനും അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനും പരിശ്രമിക്കുന്ന നേതാവാണ് ശാലിനി ആലി. ഇവര്‍ സ്വന്തമായി രണ്ട് എന്‍ജിഒകള്‍ സ്ഥാപിച്ചിട്ടുണ്ട്. “ഗംഗായമുനാ സംസ്കാരം ഭാരതത്തിന്റെ വിശാലമായ സംസ്കാരമാണ്. ജെഎന്‍യു ആയാലും ജാമിയ മിലിയ സര്‍വ്വകലാശാലയായാലും കശ്മീര്‍ യൂണിവേഴ്സിറ്റിയായാലും ഇവിടെ എല്ലാം എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പഠിക്കാന്‍ സ്വാതന്ത്ര്യമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സ്കൂളില്‍ പോകുന്ന മുസ്ലിം വിദ്യാര്‍ത്ഥിനികളെ ബ്രെയിന്‍ വാഷ് ചെയ്ത്, മഹത്തായ ഈ സംസ്കാരത്തിനെതിരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ശാലിനി അലി പറഞ്ഞു. ഹിജാബ് സമരങ്ങള്‍ വലിയ രാഷ്‌ട്രീയ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്നും ശാലിനി അലി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക